(www.thalasserynews.in)കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥിനികളെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. വിമല ഹൃദയ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായാണ് പരാതി.
കൊല്ലം എസ് എൻ കോളേജിന് സമീപത്ത് വെച്ചാണ് സംഭവം. കുട്ടികൾ എതിർത്തതോടെ വേഗം കൂട്ടിയ ഓട്ടോറിക്ഷയിൽ നിന്നും പെൺകുട്ടികൾ ചാടി രക്ഷപ്പെടുകയായിരുന്നു.
ട്യൂഷൻ കഴിഞ്ഞ് ഓട്ടോയിൽ കയറിയപ്പോഴാണ് സംഭവം. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് രണ്ട് പെൺകുട്ടികൾ പരുക്കുകളോടെ ഓടി കയറി വരുകയായിരുന്നു.
വിവരങ്ങൾ തിരക്കിയതോടെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി വിദ്യാർത്ഥിനികൾ പറഞ്ഞത്.
ട്യൂഷൻ കഴിഞ്ഞ് ഓട്ടോയിൽ കൈകാണിച്ച് കയറുകയായിരുന്നു. പിന്നാലെ പോകുന്ന വഴി ശരിയായ രീതിയിൽ അല്ല എന്ന് പെൺകുട്ടികൾ ചോദ്യം ചെയ്തതോടെയാണ് ഓട്ടോ വേഗം കൂട്ടിയത്.
ഇതിന് പിന്നാലെയാണ് പെൺകുട്ടികൾ ഓട്ടോയിൽ നിന്ന് ചാടിയത്. ഓട്ടോ ഡ്രൈവർ മോശമായാണ് സംസാരിച്ചതെന്ന് വിദ്യാർത്ഥിനി പറഞ്ഞു.
ഇടവഴിയിലേക്ക് ഓട്ടോ കയറ്റിക്കൊണ്ട് പോകാൻ ശ്രമിച്ചപ്പോൾ മെയിൻ റോഡിലൂടെ പോയാൽ മതിയെന്ന് ആവശ്യപ്പെട്ടതോടെയാണ് മോശമായി സംസാരിക്കാൻ തുടങ്ങിയതെന്ന് വിദ്യാർത്ഥിനി പറയുന്നു.
മോശമായി സംസാരിച്ചതോടെ ഭയമായെന്നും പിന്നാലെ വണ്ടിയുടെ വേഗത കൂട്ടിയെന്നും വിദ്യാർത്ഥിനി മാധ്യമങ്ങളോട് പറഞ്ഞു. വേഗം കൂട്ടിയതോടെ കൂടെയുണ്ടായിരുന്ന കുട്ടിയോട് വണ്ടിയിൽ നിന്ന് ചാടാമെന്ന് പറയുകയായിരുന്നു.
വാഹനത്തിൽ നിന്ന് വീണ് പെൺകുട്ടിയ്ക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് അന്വേഷണമാരംഭിച്ചു.
Attempt to kidnap schoolgirls in auto; The girls jumped and escaped