(www.thalasserynews.in)സുമനസുകൾ കൈകോർത്തതോടെ അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട പന്തക്കലിലെ അവന്തികയും, അനാമികയും ഇനി സ്നേഹവീട്ടിൽ അന്തിയുറങ്ങും.
തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മേഴ്സി കോപ്സ് ചാരിറ്റി ട്രസ്റ്റാണ് നാട്ടുകാരുടെ സഹായത്തോടെ സ്നേഹവീട് നിർമ്മിച്ചത്. താക്കോൽദാനം മാഹി പൊലീസ് സൂപ്രണ്ട് ജി.ശരവണനെ നിർവഹിച്ചു.
സാമൂഹികമായും, സാമ്പത്തികമായും പാർശ്വവത്ക്കരിക്കപ്പെട്ടവർക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് 4 പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് തൃശൂരിൽ 2012ൽ മേഴ്സി കോപ്സ് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചത്. ഇന്ന് 12,000 ത്തോളം അംഗങ്ങൾ ഈ സംഘടനയിലുണ്ട്.
പ്രതിമാസം 100 രൂപ അംഗങ്ങളിൽ നിന്ന് സ്വീകരിച്ച് അതാതു മാസം തന്നെ വിവിധ കാരുണ്യ പ്രവർത്തനങ്ങൾക്കായി ചിലവഴിക്കുകയും ചെയ്യുക. കേരളത്തിൻ്റെ പല ഭാഗങ്ങളിലായി 43 വീടുകൾ നിർമ്മിച്ചു നൽകി. 6 വീടുകൾ നിർമ്മാണത്തിലിരിക്കുന്നുമുണ്ട്.
കേരളത്തിന് പുറത്ത് നിർമ്മിച്ച ആദ്യ വീടാണ് അവന്തികക്കും, അനാമികക്കും ലഭിച്ചത്. പന്തക്കൽ കുള മുള്ളതിൽ താഴെക്കുനിയിൽ ബിജുവിൻ്റെയും, ബിന്ദുവിൻ്റെയും മക്കളാണ് അവന്തികയും, അനാമികയും. ജന്മനാ അരയ്ക്ക് താഴെ ചലനശേഷിയില്ലാത്ത ഇരുവരും പഠനത്തിൽ മിടുക്കികളാണ്.
മാഹി പൊലീസ് സൂപ്രണ്ട് ജി.ശരവണനെ അവന്തികക്കും അനാമികക്കും വീടിൻ്റെ താക്കോൽ കൈമാറി ഉദ്ഘാടനം ചെയ്തു. തുടർന്ന് വിശിഷ്ടാതിഥികൾ ഭദ്രദീപം തെളിയിച്ചു. ഏറണാകുളം സിറ്റി പൊലീസ് ഡി.സി.പി കെ.എസ് സുദർശൻ ഐ പി എസ് മുഖ്യ പ്രഭാഷണം നടത്തി. ഭവന നിർമ്മാണ കമ്മിറ്റി ചെയർമാൻ ഡോ.വി.രാമചന്ദ്രൻ അധ്യക്ഷനായി. മാഹി മുൻ എസ്.പി രാജശങ്കർ വെള്ളാട്ട് മുഖ്യാതിഥിയായി.ട്രസ്റ്റ് ചെയർമാൻ കെ.ബി സുനിൽ കുമാർ, ഭവന നിർമ്മാണ കമ്മിറ്റി കൺവീനർ പി.കെ ബാലകൃഷ്ണൻ, ടി.കെ ഗംഗാധരൻ എന്നിവർ സംസാരിച്ചു. കോൺട്രാക്ടർ സജീവനെ ചടങ്ങിൽ ആദരിച്ചു.
Salute Mercy Cops Charitable Trust; Avantika and Anamika will end up in the loving home of Sumanas from today