കൽപ്പറ്റ: പരിചയമുള്ള പെൺകുട്ടിയുമായി സംസാരിച്ചതിന് പോലീസ് പോക്സോ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് യുവാവ് പുഴയിൽ ചാടി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
വയനാട് ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. സുൽത്താൻ ബത്തേരി മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. സിറ്റിംഗ് തീയതി തീരുമാനിച്ചിട്ടില്ല.
പട്ടികവർഗ വിഭാഗത്തിലുള്ള റെതിൻ എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. പരാതിയുയർന്നിരിക്കുന്നത്. പെൺകുട്ടിയുമായി റോഡരികിൽ സംസാരിച്ചു നിൽക്കുന്നതിനിടെ നിരപരാധിയായ തന്നെ പോലീസ് പോക്സോ കേസിൽപ്പെടുത്തിയെന്ന് റെതിൻ സഹോദരിക്കയച്ച വീഡിയോയിൽ പറയുന്നതായി മനസിലാക്കുന്നു. ഇക്കഴിഞ്ഞ ശനിയാഴ്‌ച വൈകിട്ടാണ് യുവാവിനെ കാണാതായത്. അഞ്ചുകുന്ന് വെള്ളരിവയലിന് സമീപമുള്ള പുഴയിൽ നിന്ന് ഞായറാഴ്‌ച രാവിലെ 11 നാണ് മൃതദേഹം കണ്ടെത്തിയത്. പോക്സോ കേസിൽ പ്രതിയായെന്ന് തെറ്റിദ്ധരിച്ചാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് മനസിലാക്കുന്നത്. എന്നാൽ പോക്സോ കേസ് എടുത്തിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം.
Threat of being accused in the POCSO case: The Human Rights Commission has registered a case in the death of the youth