Nov 15, 2024 01:49 PM

തലശേരി:(www.thalasserynews.in)  വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നാല് ഓട്ടോ തൊഴിലാളി യൂനിയനുകൾ തലശ്ശേരി നഗര പരിധിയിൽ പ്രഖ്യാപിച്ച  ഏകദിന പണിമുടക്ക് തുടങ്ങി.

ഇന്ന് അർദ്ധരാത്രി വരെയാണ് പണിമുടക്ക്. ടി.എം.സി. നമ്പർ ഇല്ലാതെ സർവ്വിസ് നടത്തുന്ന ഓട്ടോകൾക്കെതിരെ പോലീസും  മോട്ടോർ  വാഹന വകുപ്പും നഗരസഭയും ശക്തമായ നിയമ നടപടികൾ സ്വീകരിക്കുക, മുനിസിപ്പൽ അതൃത്തിയിലെ  പൊട്ടിപൊളിഞ്ഞ റോഡുകൾ  ഗതാഗത യോഗ്യമാക്കുക,നഗരത്തിലെ പാർക്കിംഗ് സ്ഥലങ്ങൾ തിരിച്ചറിയുന്ന  ബോർഡുകൾ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്  സി.ഐ.ടി.യു,  ഐ.എൻ.ടി.യു.സി, ബി.എം.എസ്, എസ്.ടി.യു. എന്നീ നാല് യൂനിയനുകളാണ് സമരത്തിലുള്ളത്.

സ്കൂൾ കുട്ടികളുമായി സമീപ പഞ്ചായത്തുകളിൽ നിന്ന് വരുന്നതും, അത്യാവശ്യത്തിന് രോഗികളുമായി എത്തുന്നതും ഒഴികെ മറ്റെല്ലാ പാസഞ്ചർ ഓട്ടോകളും സമരവുമായി സഹകരിച്ചു.

ഇത്തരത്തിൽ പെട്ട ചുരുക്കം ഓട്ടോകൾ മാത്രമേ ഓടിയുള്ളൂ. പണിമുടക്കം ഒഴിവാക്കാൻ കഴിഞ്ഞ ദിവസം നഗരസഭാ ചെയർപേഴ്സൺ യൂനിയൻ നേതാക്കളുമായി സംസാരിച്ചിരുന്നു.

ഉന്നയിച്ച ആവശ്യങ്ങളിൽ സമയബന്ധിത പരിഹാരവും ഉറപ്പ് നൽകിയിരുന്നെങ്കിലും പ്രഖ്യാപിച്ച സമരത്തിൽ നിന്ന് പിന്മാറാൻ യൂനിയനുകൾ തയ്യാറായില്ല. പണിമുടക്കിയ ഡ്രൈവർമാർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പുതിയ ബസ് സ്റ്റാന്റിൽ നിന്നും ആരംഭിച്ച് നഗരം ചുറ്റിയ ശേഷം പ്രകടനം പുതിയ ബസ് സ്റ്റാന്റിൽ സമാപിച്ചു.

നേതാക്കളായ പി.ജനാർദ്ദനൻ, വടക്കയിൽ ജനാർദ്ദനൻ, എൻ.കെ.രാജീവ്, വി.പി.ജയരാമൻ, എം.കെ.ഷാജി, ജി. ഷൈജു, വി.ജലിൽ, പി.നസീർ തുടങ്ങിയവർ നേതൃത്വം നൽകി.

One-day strike of autorickshaws in Thalassery city; The workers demonstrated

Next TV

Top Stories










News Roundup