പിണറായി:(www.thalasserynews.in) പിണറായിയിൽ ആക്രമിക്കപ്പെട്ട കോൺഗ്രസ് ഓഫീസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സന്ദർശിച്ചു.
വളരെ ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമായ കാര്യമാണിവിടെ നടന്നത്.
കെ.പി.സി.സി പ്രസിഡന്റ് ഉദ്ഘാടനം ചെയ്യാനിക്കെയാണ് ഓഫീസിന് തീവെച്ചത്. കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടിലാണ് ഓഫീസിന് പെട്രോൾ ഒഴിച്ച് തീവെച്ചിരിക്കുന്നത്.
സി.സി.ടി.വി കാമറ തല്ലി തകർത്താണിത് ചെയ്തത്. മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തിൽ മറ്റൊരുകക്ഷിക്കും വളരാൻ കഴിയില്ല എന്ന ഏകാധിപത്യം അംഗീകരിക്കാൻ കഴിയില്ല.
ഇന്നിപ്പോൾ, പാർട്ടിക്ക് ബന്ധമില്ലെന്ന സ്ഥിരം പല്ലവി ഇവിടെ വേണ്ട. എന്ത് വൃത്തികേട് ചെയ്താലുമുള്ള പതിവ് പല്ലവിയാണിത്.
ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടപ്പോഴും നാമിത് കേട്ടു. പാർട്ടിക്ക് ബന്ധമില്ലെന്ന് പാർട്ടി ഓഫീസിൽ എഴുതി വെച്ചിരിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
ഏകാധിപതിയായ മുഖ്യമന്ത്രിയാണിതിന് കാരണം. അധികാരത്തിന്റെ അഹങ്കാരവും ധിക്കാരവും അവസാനിപ്പിക്കണം. ഈ വിഷയത്തിൽ സി.പി.എം കൃത്യമായി മറുപടി പറയണം.
ഇതിനെ തള്ളിപ്പറയാൻ എല്ലാവരും തയ്യാറാകണം. എന്തൊരു ജനാധിപത്യമാണ് കേരളത്തിലുള്ളതെന്നും സതീശൻ ചോദിച്ചു.
ഇവിടെ, ഐ.ടി.ഐയിയിൽ പോലും ക്രൂര മർദനമാണ്. യൂനിറ്റ് കമ്മിറ്റി രൂപീകരിച്ചതിന്റെ പേരിൽ കെ.എസ്.യു പ്രവർത്തകരെ തല്ലി ചതക്കുകയാണിപ്പോൾ.
ഒരു തരത്തിലും മറ്റുള്ള സംഘടനാ പ്രവർത്തനം നടത്താൻ അനുവദിക്കില്ലെന്ന ധിക്കാരപരമായ സമീപനമാണുള്ളത്. പുറത്തുള്ളയാളുകളാണ് കോളജുകളിലെത്തി മർദിക്കുന്നത്.
ജീവൻ പണയം വെച്ചാണിവിടെ കോൺഗ്രസ് പ്രവർത്തവർ മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെയാണ് ഇവിടെയുള്ള കോൺഗ്രസ് പ്രവർത്തകരെ അഭിവാദ്യം ചെയ്യാൻ ഇവിടെ വന്നത്.
ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ അംഗീകരിക്കാൻ ജനാധിപത്യ വിശ്വാസികൾക്ക് കഴിയില്ല.
സംസ്ഥാന വ്യാപകമായി നടക്കുന്ന അക്രമങ്ങൾക്കെതിരെ എല്ലാ കക്ഷികളെയും കൂട്ടിയോജിപ്പിച്ച് ജനകീയ ചെറുത്ത് നിൽപ്പ് സൃഷ്ടിക്കുമെന്നും സതീശൻ പറഞ്ഞു.
There is no need to justify that CPM was not involved in the attack on the Congress office in Pinarayi; Opposition leader V.D. Satheesan says 'The dictatorial Chief Minister is the reason for this