തലശ്ശേരി : (www.thalasserynews.in)അദാലത്തിലൂടെ ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളിൽ ഇടപെട്ട് അതിവേഗം പരിഹാരം കാണുകയാണ് സർക്കാരെന്ന് രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. തലശ്ശേരി താലൂക്ക് അദാലത്ത് തലശ്ശേരി കോടിയേരി ബാലകൃഷ്ണൻ സ്മാരക മുനിസിപ്പൽ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പരാതികളുടെ പ്രാധാന്യവും പ്രസക്തിയും പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. അതത് മേഖലകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചേർന്ന് തീരുമാനങ്ങൾ കൈക്കൊള്ളും.
ജനകീയ പ്രശ്‌നങ്ങൾ എന്നതുപോലെ വ്യക്തിപരമായ പ്രശ്‌നങ്ങളും കാലവിളംബം കൂടാതെ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു മുഖ്യാതിഥിയായി. പൊതുവികസനം മാത്രമല്ല ജനങ്ങളുടെ ചെറുതും വലുതുമായ ഒട്ടനവധി വിഷയങ്ങൾ കൂടി പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അന്ത്യോദയ അന്നയോജന (എഎവൈ), പി എച്ച് എച്ച് മുൻഗണന റേഷൻ കാർഡുകൾ അനുവദിച്ച 19 പേർക്ക് അദാലത്തിൽ കാർഡുകൾ വിതരണം ചെയ്തു. മുൻഗണന റേഷൻ കാർഡ് വിതരണത്തിന്റെ ഉദ്ഘാടനം ലീല കാവുംഭാഗത്തിന് എഎവൈ റേഷൻ കാർഡ് നൽകി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിച്ചു.
കെ.പി മോഹനൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം സി പദ്മചന്ദ്ര കുറുപ്പ്, തലശ്ശേരി നഗരസഭ ചെയർപേഴ്‌സൻ കെ.എം ജമുനാറാണി, സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, കോട്ടയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രാജീവൻ, ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ സെയ്തു, കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി മിനി, തലശ്ശേരി തഹസിൽദാർ എം. വിജേഷ്, മറ്റ് ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. പുതിയ പരാതികളും അദാലത്തിൽ സ്വീകരിക്കുന്നുണ്ട്.
തളിപ്പറമ്പ് താലൂക്ക് അദാലത്ത് ഡിസംബർ 12 വ്യാഴാഴ്ച രാവിലെ 10 മുതൽ തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷൻ വളപ്പിലും പയ്യന്നൂർ താലൂക്ക് അദാലത്ത് ഡിസംബർ 13 വെള്ളിയാഴ്ച രാവിലെ 10 മുതൽ പയ്യന്നൂർ ശ്രീവത്സം ഓഡിറ്റോറിയത്തിലും നടക്കും. ഡിസംബർ 16 തിങ്കളാഴ്ച രാവിലെ 10 മുതൽ ഇരിട്ടി തന്തോട് സെൻറ് ജോസഫ് ചർച്ച് ഹാളിലാണ് ഇരിട്ടി താലൂക്ക് അദാലത്ത്.
തലശ്ശേരി അദാലത്തിൽ 19 പേർക്ക് മുൻഗണന റേഷൻ കാർഡ് വിതരണം ചെയ്തു
തലശ്ശേരി താലൂക്ക് അദാലത്തിൽ 19 പേർക്ക് മുൻഗണന റേഷൻ കാർഡ് വിതരണം ചെയ്തു. 12 പേർക്ക് അന്ത്യോദയ അന്നയോജന (എഎവൈ) മഞ്ഞ റേഷൻ കാർഡും ഏഴ് പേർക്ക് പിഎച്ച്എച്ച് പിങ്ക് റേഷൻ കാർഡുമാണ് നൽകിയത്. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, ഒ ആർ കേളു, കെ പി മോഹനൻ എംഎൽഎ എന്നിവർ റേഷൻ കാർഡുകൾ വിതരണം ചെയ്തു.
റേഷൻ കാർഡ് അനുവദിച്ചവർ: എഎവൈ കാർഡ്-ലീല കാവുംഭാഗം, പത്മിനി മേലൂർ, ജയലക്ഷ്മി കുണ്ടുചിറ, ലീല മാടപ്പീടിക, സലീന കീഴത്തൂർ, കാർത്ത്യായനി പാറാൽ, അശ്വതി പൊയിലൂർ, പ്രമിഷ ചെറുവാഞ്ചേരി, സുഹാസിനി കണ്ണവം, മിനി കണ്ണവം, മാതു, കൂടാളി, ശ്രീന കതിരൂർ.
പിഎച്ച്എച്ച്-ഷബീന കോട്ടയം, ശാലിനി കല്ലിക്കണ്ടി, പുഷ്പവല്ലി എരുവട്ടി, കനക എരഞ്ഞോളി, അജിത കുന്നോത്തുപറമ്പ, ഷാനി ചിറ്റാരിപ്പറമ്പ, ശാന്ത പാട്യം. ചികിത്സാ വിഷയങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡ് അനുവദിക്കുന്നതും അദാലത്തിന്റെ പരിഗണനാ വിഷയമാണ്.
മാലൂരിലെ കെ പ്രജിഷക്ക് ലൈഫ് മിഷനിൽ വീട് അനുവദിക്കാൻ മന്ത്രിയുടെ നിർദേശം
75 ശതമാനം ശാരീരിക വൈകല്യമുള്ള മകൻ ദേവതീർഥിനൊപ്പം തലശ്ശേരി താലൂക്ക് അദാലത്തിന് എത്തിയ മാലൂർ സ്വദേശി കെ പ്രജിഷക്ക് ലൈഫ് മിഷനിൽ ഉൾപ്പെടുത്തി വീട് അനുവദിക്കാൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർദേശം നൽകി. ജന്മനാ കൈകാലുകൾക്ക് സ്വാധീനക്കുറവുള്ള, അനുഗ്രഹീത ചിത്രകാരനായ പതിനാലുകാരനായ മകന് ചികിത്സാ സഹായം, കുടുംബത്തിനുള്ള ഉപജീവനമാർഗം, സ്വന്തമായി വീട് എന്നീ ആവശ്യങ്ങളുമായാണ്, ഭർത്താവ് ഉപേക്ഷിച്ച പ്രജിഷ അദാലത്തിന് എത്തിയത്. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പ്രജിഷയ്ക്ക് ഉറപ്പ് നൽകി. മാനുഷിക പരിഗണന നൽകിയാണ് അദാലത്തിൽ പ്രജിഷയുടെ പരാതി പരിഗണിച്ചത്. ഹാളിന് പുറത്ത് വീൽചെയറിലെത്തിയ ദേവതീർഥിന്റെ അരികിലേക്ക് എത്തിയാണ് മന്ത്രി പരാതി പിഗണിച്ചത്.
ടി കെ ഗംഗാധരന് കെട്ടിട നമ്പർ ഉടൻ ലഭിക്കും
ചെറുപറമ്പ് തൂവക്കുന്ന് സ്വദേശി ടി.കെ ഗംഗാധരന് രണ്ടാഴ്ക്കുള്ളിൽ കെട്ടിട നമ്പർ ലഭിക്കും. തലശ്ശേരി താലൂക്ക് അദാലത്തിലാണ് മന്ത്രി ഒ. ആർ കേളുവിന്റെ ഇടപെടൽ. അടിയന്തരമായി കെട്ടിട നമ്പർ നൽകാൻ പാനൂർ നഗരസഭ സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി. നിലവിലെ കെട്ടിടത്തിന്റെ മുകളിൽ നിർമ്മിച്ച കെട്ടിട മുറിക്ക് പെർമിറ്റ് ലഭിക്കാത്തതിന് ഹാജരാക്കിയ രേഖകളിലെ ന്യൂനതകൾ പരിഹരിച്ച് സമർപ്പിക്കാൻ മന്ത്രി പരാതിക്കാരനോട് നിർദേശിച്ചു.
വി വി വേണുഗോപാലന്
കെട്ടിട നമ്പർ നൽകാൻ നിർദേശം
കൂടാളി ഗ്രാമപഞ്ചായത്തിലെ പട്ടാനൂരിലെ വി വി വേണുഗോപാലന് കെട്ടിട നമ്പർ അനുവദിക്കാൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർദേശം നൽകി. ഇദ്ദേഹത്തിന് കെട്ടിട നമ്പർ നൽകുന്നത് സംബന്ധിച്ച് കോടതി ഉത്തരവ് നിലവിലില്ലെന്ന് ചൂണ്ടിക്കാട്ടി, ആവശ്യമായ നടപടി സ്വീകരിക്കാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് മന്ത്രി നിർദ്ദേശം നൽകി.
2020 നവംബർ മുതൽ താമസിക്കുന്ന വീടിന് കെട്ടിട നമ്പർ കിട്ടിയിട്ടില്ലെന്നായിരുന്നു പരാതി. വീടിന്റെ പെർമിറ്റ് റെഗുലേറ്റ് ചെയ്യാൻ 2024 ഫെബ്രുവരി 26ന് ഫീസ് അടച്ചിട്ടുണ്ട്. ഒൻപത് മാസം കഴിഞ്ഞിട്ടും നടപടി ഇല്ലാത്തതിനാലാണ് അദാലത്തിനെ സമീപിച്ചതെന്നും പരാതിക്കാരൻ അറിയിച്ചു.
അദാലത്ത് വഴി കല്യാണിക്ക്
മുൻഗണനാ കാർഡ് ലഭിക്കും
പൊതുവിഭാഗം സബ്‌സിഡി വിഭാഗത്തിലുള്ള റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റണമെന്ന മുത്തശ്ശി വി. കല്ല്യാണിയുടെ ആവശ്യവുമായാണ് സുബിജിത്ത് അദാലത്തിൽ എത്തിയത്. ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് തൊടീക്കളത്ത് താമസിക്കുന്ന കല്യാണിയുടെ അവസ്ഥ തിരിച്ചറിഞ്ഞ മന്ത്രി ഒ.ആർ കേളു അപേക്ഷയിൽ തീരുമാനമായതായി സുബിജിത്തിനെ അറിയിച്ചു. കല്യാണി അർബുദ ബാധിതയായി ചികിത്സയിലാണ്. പരസഹായമില്ലാതെ എഴുന്നേൽക്കാനോ മറ്റു പ്രാഥമിക കാര്യങ്ങൾ പോലും ചെയ്യാനോ സാധിക്കില്ല. ചികിത്സാ ആനുകൂല്യങ്ങൾ ലഭിക്കാത്തതിനാൽ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് ആക്കാനായിരുന്നു അപേക്ഷ. കല്ല്യാണി കണ്ണവം വില്ലേജിൽ സർപ്പിച്ച ചികിത്സാ സഹായത്തിനുള്ള അപേക്ഷയിലും നടപടി സ്വീകരിച്ചതായി മന്ത്രി അറിയിച്ചു.
അരങ്ങേറ്റുപറമ്പിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരത്തിന് ഇടപെടൽ
എരഞ്ഞോളി പഞ്ചായത്തിലെ അരങ്ങേറ്റുപറമ്പ് സ്വദേശികൾ ഉന്നയിച്ച വെള്ളക്കെട്ട്, ബണ്ട് പുനർനിർമ്മാണം എന്നീ വിഷയങ്ങളിൽ ജനപങ്കാളിത്തത്തോടെ ശാശ്വത പരിഹാരം കാണാൻ മന്ത്രിയുടെ നിർദേശം. കമാനംമുക്കിലെ റോഡിലേക്ക് വെള്ളം ഒഴുകി വെള്ളക്കെട്ട് ഉണ്ടാകുന്ന പരാതിക്ക് ശാശ്വത പരിഹാരം കാണുന്നതിനായി പദ്ധതി തയ്യാറാക്കാൻ പിഡബ്ല്യുഡി അസി. എൻജിനീയർ, പഞ്ചായത്ത് സെക്രട്ടറി എന്നിവരെ മന്ത്രി ഒ.ആർ കേളു ചുമതലപ്പെടുത്തി. പത്താം വാർഡുകാരും ഗ്രാമപഞ്ചായത്ത്, വില്ലേജ് അധികൃതരും ജനപങ്കാളിത്തതോടെ പൊതുതീരുമാനത്തിൽ എത്തി പദ്ധതി സമയ ബന്ധിതമായി പൂർത്തിയാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. അരങ്ങേറ്റുപറമ്പ് സ്വദേശികളായ എ പ്രകാശൻ, പി കെ ആശാലത എന്നിവരുടെ പരാതിയിലാണ് നടപടി.
Minister Ramachandran Kadannappally says the government is interfering in the problems of people's lives; Thalassery Taluk Adalat held