(www.thalassery.in)നഗരത്തിലെ മാരുതി ഷോറൂം യാർഡിൽ സൂക്ഷിച്ച കാറുകൾ അഗ്നിക്കിരയാക്കിയത് പ്രതി സ്വന്തമായി നടത്തിയ തട്ടിപ്പുകൾ മറച്ചുവെക്കാൻ.
വയനാട് വെള്ളമുണ്ടയിലെ തെറ്റമല സ്വദേശി പന്നിയോടൻ വീട്ടിൽ പി.സി. സജീറാണ് (27) കേസിൽ അറസ്റ്റിലായത്. ചിറക്കര പള്ളിത്താഴയിലെ ഇൻഡസ് ഗ്രൂപ്പിന്റെ നെക്സ കാർ ഷോറൂമിൽ ജീവനക്കാരനായ സജീർ കഴിഞ്ഞ ചൊവ്വാഴ്ചയാണ് മൂന്ന് കാറുകൾക്ക് തീയിട്ടത്.
രണ്ടര വർഷമായി ഇവിടെ സെയിൽസ് എക്സിക്യൂട്ടിവാണ്. ഇയാളുടെ സാമ്പത്തിക തിരിമറി സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരുകയാണ്. സ്ഥാപനത്തിന്റെ മറവിൽ നടത്തിയ പണം തിരിമറി പിടിക്കപ്പെടാതിരിക്കാനാണ് കാറുകൾക്ക് തീയിട്ടതെന്നാണ് ചോദ്യം ചെയ്യലിൽ പ്രതിയുടെ മൊഴി.
പുലർച്ച 3.40ന് കാറുകൾക്ക് തീയിട്ടശേഷം പതിവുപോലെ സ്ഥാപനത്തിൽ ജോലിക്കെത്തിയ സജീർ രാത്രി വരെ ഷോറൂമിൽ ഉണ്ടായിരുന്നു. പിറ്റേ ദിവസം ജോലിക്കെത്തിയില്ല. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് കാർ കത്തിച്ചത് സജീർ ആണെന്ന നിഗമനത്തിലെത്തിയത്.
വ്യാജ രേഖയുണ്ടാക്കി കാർ ആവശ്യമുള്ളവരിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായും പഴയ കാറുകൾ വാങ്ങി വിൽപന നടത്തിയതായും കണ്ടെത്തി. 35 ലക്ഷം രൂപയുടെ തട്ടിപ്പ് ഇയാൾ നടത്തിയതായി പൊലീസ് കണ്ടെത്തി. സ്ഥാപനത്തിലും ഇയാൾ പെട്രോൾ വാങ്ങിയ പന്തക്കലിലെ പെട്രോൾ പമ്പിലുമെത്തിച്ച് പൊലീസ് കഴിഞ്ഞ ദിവസം തെളിവെടുത്തു.
മൂന്ന് പുതിയ കാറുകൾ കത്തിച്ച സംഭവത്തിൽ 40 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്ന ഷോറൂം മാനേജർ ടി. പ്രവീഷിന്റെ പരാതിയിലാണ് തലശ്ശേരി പൊലീസ് കേസെടുത്തത്. സജീർ കാറിനുവേണ്ടി പണം വാങ്ങിയതായി ഒരാൾ ഷോറൂമിലെത്തി അറിയിച്ചു.
ഇക്കാര്യം ഷോറൂം രേഖകളിലുണ്ടായിരുന്നില്ല. കാർ വാങ്ങാൻ വന്നയാൾ പ്രശ്നമുണ്ടാക്കാൻ തുടങ്ങിയതോടെയാണ് സജീറിലേക്ക് സംശയമുയർന്നത്. പൊലീസ് ചോദ്യം ചെയ്യലിൽ സജീർ കുറ്റം സമ്മതിച്ചു. പാനൂരിലെ കാർ ഷോറൂമിലും ഇയാൾ നേരത്തെ ജോലി ചെയ്തിരുന്നു.
Police to investigate further in Thalassery Maruti showroom car burning case; Will investigate the accused's financial dealings