(www.thalasserynews.in)ശബരിമലയിൽ ഇന്ന് തങ്ക അങ്കി ചാർത്തി ദീപാരാധന. തങ്ക അങ്കി ഘോഷയാത്ര ഉച്ചയ്ക്ക് ഒരു മണിക്ക് ദേവസ്വം മന്ത്രി വിഎൻ വാസവൻ പമ്പയിൽ സ്വീകരിക്കും. വൈകിട്ട് ആറ് മണിക്ക് സന്നിധാനത്തെത്തും. 6.30 നാണ് തങ്ക അങ്കി ചാർത്തി ദീപാരാധന.
ഘോഷയാത്രയോട് അനുബന്ധിച്ച് രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് വരെ പമ്പയിൽ നിന്ന് തീർത്ഥാടകരെ കയറ്റി വിടില്ല.ദീപാരാധനക്ക് ശേഷമായിരിക്കും ദർശനത്തിന് അനുമതി നൽകുക.വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവയിലും ഇന്ന് നിയന്ത്രണമുണ്ട്.
മണ്ഡല പൂജക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നും ഡിസംബർ 22ന് പുറപ്പെട്ടിരുന്നു.
ആനക്കൊട്ടിലിൽ തങ്ക അങ്കി ദർശനം നടന്നു. പ്രത്യേകം തയാറാക്കിയ രഥത്തിൽ പൊലീസിന്റെ സുരക്ഷ അകമ്പടിയോടെ ആറന്മുള കിഴക്കേ നടയിൽ നിന്നായിരുന്നു ഘോഷയാത്രക്ക് തുടക്കം.
ഈവർഷത്തെ ശബരിമലക്ഷേത്രത്തിലെ മണ്ഡലപൂജ ഡിസംബർ 26ന് ഉച്ചക്ക് പന്ത്രണ്ടിനും 12.30നും ഇടക്കുള്ള മുഹൂർത്തത്തിൽ തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ നടക്കുമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും ബോർഡംഗം എ. അജികുമാറും പത്രസമ്മേളനത്തിൽ അറിയിച്ചു.
Deepa radhana in Sabarimala today; restrictions for pilgrims