വയനാട് :മുണ്ടക്കൈ - ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് സർക്കാർ ഒരുക്കുന്ന ടൗണ്‍ഷിപ്പിന് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും. വൈകുന്നേരം നാലുമണിയോടെ കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലാണ് പരിപാടി. പ്രിയങ്കാ ഗാന്ധി എംപി,റവന്യൂ മന്ത്രി കെ.രാജൻ, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ , പി.കെ കുഞ്ഞാലിക്കുട്ടി, വിവിധ മന്ത്രിമാർ ജില്ലയിൽ നിന്നുള്ള എംഎൽഎമാർ, മത രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ തുടങ്ങിയവരെല്ലാം ചടങ്ങിന്റെ ഭാഗമാകും.

7 സെന്റിൽ 1,000 ചതുരശ്രയടിയില്‍ ഒറ്റ നിലയിലാണ് വീടുകൾ ഒരുങ്ങുക. ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ തുടങ്ങി വിപുലമായ സംവിധാനങ്ങളോടെയാണ് ടൗൺഷിപ്പ് വിഭാവനം ചെയ്യുന്നത്. ടൗണ്‍ഷിപ്പില്‍ ലഭിക്കുന്ന വീടിന്റെ പട്ടയം 12 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യരുതെന്നതാണ് വ്യവസ്ഥ. വീടിനായി 175 പേരാണ് നിലവിൽ സമ്മതപത്രം കൈമാറിയിട്ടുള്ളത്. 67 പേർ വീടിന് പകരം നൽകുന്ന 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും തെരഞ്ഞെടുത്തു. ഇതോടെ ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിലെ മുഴുവൻ പേരും സമ്മതപത്രം നൽകി കഴിഞ്ഞു. ഉരുൾ ദുരന്തം കഴിഞ്ഞ് എട്ടുമാസം പിന്നിടുമ്പോഴാണ് സർക്കാർ ടൗൺഷിപ്പിന് തറക്കല്ലിടുന്നത്.
CM to lay foundation stone for Mundakai-Churalmala disaster victims' township today