കണ്ണൂർ: കണ്ണൂർ കോർപറേഷൻ ബഡ്ജറ്റ് അവതരണ വേളയിൽ നാടകീയ രംഗങ്ങൾ. ബഡ്ജറ്റ് അവതരിപ്പിക്കാൻ ഡെപ്യുട്ടി മേയർ അഡ്വ. പി ഇന്ദിര എഴുന്നേറ്റ് ഡയസിന് മുൻപിലെത്തിയപ്പോൾ ബി.ജെ.പി പള്ളിക്കുന്ന് വാർഡ് കൗൺസിലർ എം കെ ഷിജു പ്രതിഷേധവുമായി രംഗത്തെത്തി.

പ്ളക്കാർഡ് ഉയർത്തി പിടിച്ചു ആദ്യം മേയറുടെ ചേംബറിന് മുൻപിലും പിന്നീട് ബഡ്ജറ്റ് അവതരിപ്പിക്കുന്ന ഡെപ്യുട്ടി മേയർക്കു മുൻപിലും നിന്നു. ഇതോടെ ഭരണപക്ഷ ബെഞ്ചിൽ ശക്തമായ പ്രതിഷേധം ഉയർന്നു. മുൻ മേയർ ടി.ഒമോഹനൻ ഉൾപ്പെടെയുള്ള ഭരണകക്ഷി അംഗങ്ങൾ പ്രകോപിതരായി ചാടിയെഴുന്നേറ്റ് ഷിജുവിൻ്റെ കൈയ്യിൽ നിന്നും കോർപറേഷൻ ഭരണസമിതിക്കെതിരെ മുദ്രാവാക്യങ്ങൾ എഴുതിയ പ് ളക്കാർഡ് പിടിച്ചു പറിച്ചു കൊണ്ടുപോയി. മുൻ മേയർ ടി.ഒ.മോഹനനാണ് പ്ളക്കാർഡ് ബലപ്രയോഗത്തിലൂടെ കരസ്ഥമാക്കിയത്.
ഇതോടെ ഷിജുവും മോഹനനും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.ഇതു മറ്റുള്ളവർ ഏറ്റെടുത്തതോടെ മറ്റു ഭരണകക്ഷി അംഗങ്ങളും ഷിജുവും തമ്മിൽ പിടിവലിയും ഉന്തുംതള്ളും നടന്നു. ഏറെ നേരത്തെ ബഹളത്തിന് ശേഷമാണ് സ്ഥിതിശാന്തമായത്. കോർപറേഷൻ കൗൺസിൽ ഹാളിൽ ബഡ്ജറ്റിന് മുന്നോടിയായി മേയർ പ്രസംഗം നടത്തുന്നതിനിടെ തന്നെ എൽ.ഡി.എഫ് അംഗങ്ങൾ പ്രതിഷേധമാരംഭിച്ചു.
ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യം സംസ്കരിക്കുന്നതിൽ ക്രമക്കേടുണ്ടെന്ന സി.ഐ. ജി റിപ്പോർട്ട് ചർച്ച ചെയ്തിട്ടു മതിബഡ്ജറ്റ് അവതരണമെന്ന് എൽ.ഡി.എഫ് കൗൺസിലർ രവീന്ദ്രൻ ചൂണ്ടിക്കാട്ടി. ഇതു ബഹളത്തിന് ഇടയാക്കിയപ്പോഴാണ് ബി.ജെ.പി കൗൺസിലർ നടുത്തളത്തിലേക്ക് പ്ളക്കാർഡുമായി ചാടി വീണത്. കോർപറേഷൻ ബഡ്ജറ്റിൽ സംഘർഷമുണ്ടാകുമെന്ന വിവരത്തെ തുടർന്ന് കനത്ത പൊലിസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു.
Dramatic scenes and uproar during Kannur Corporation budget presentation