
വിവാദങ്ങള്‍ക്ക് പിന്നാലെ മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രം എമ്പുരാനില്‍ വരുത്തിയത് 24 വെട്ടുകള്‍. നന്ദി കാർഡിൽ നിന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കിയിട്ടുണ്ട്. ചിത്രത്തിലെ സ്ത്രീകൾക്ക് എതിരായ അതിക്രമം സീനുകൾ മുഴുവൻ ഒഴിവാക്കിയിട്ടുണ്ട്.
മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നു പോകുന്ന സീൻ വെട്ടി നീക്കിയിട്ടുണ്ട്. ഒപ്പം തന്നെ എന്‍ഐഎ എന്ന് പരാമര്‍ശിക്കുന്ന സീന്‍ നീക്കം ചെയ്തിട്ടുണ്ട്. പ്രധാന വില്ലന് കഥാപാത്രത്തിന്റെ പേര് ബജ്റംഗി എന്നത് മാറ്റി ബൽദേവ് എന്നാക്കിയിട്ടുണ്ട്.
നേരത്തെ പതിനേഴ് വെട്ടുകളാണ് ചിത്രത്തില്‍ വരുത്തുന്നത് എന്നാണ് വാര്‍ത്ത വന്നിരുന്നത്. എന്നാല്‍ അതില്‍ കൂടുതല്‍ രംഗങ്ങള്‍ മാറ്റിയതയാണ് റീ എഡിറ്റിംഗ് സെന്‍സര്‍ രേഖ വ്യക്തമാക്കുന്നത്.
അതേ സമയം എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ രംഗത്ത് എത്തിയിരുന്നു. തെറ്റുകള്‍ തിരുത്തുക എന്നത് ഞങ്ങളുടെ ചുമതല ആണെന്നും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.
റീ എഡിറ്റിംഗ് എല്ലാവരുടെയും സമ്മതപ്രകാരമാണെന്നും അല്ലാതെ ആരുടെയും സമ്മർദ്ദം കാരണമല്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. മുരളി ഗോപി ഫേസ് ബുക്ക് പോസ്റ്റ് ഷെയർ ചെയ്തില്ലെങ്കിലും ഞങ്ങളുടെ നിലപാടിനൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം ലഭ്യമായ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മലയാളത്തിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ കളക്ഷന്‍ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് എമ്പുരാന്‍. ടൊവിനോ തോമസ് നായകനായ 2018 എന്ന ചിത്രത്തെ മറികടന്നാണ് എമ്പുരാന്‍റെ നേട്ടം. 175.4 കോടി ആയിരുന്നു 2018 ന്‍റെ ലൈഫ് ടൈം ബോക്സ് ഓഫീസ് നേട്ടം. വെറും അഞ്ച് ദിനങ്ങള്‍ കൊണ്ടാണ് എമ്പുരാന്‍ ഇതിനെ മറികടന്നിരിക്കുന്നത്.
ഒപ്പം 200 കോടി ക്ലബ്ബില്‍ ഇടംപിടിക്കുകയും ചെയ്തു. ഔദ്യോഗികമായിത്തന്നെ അണിയറക്കാര്‍ ഇക്കാര്യം അറിയിച്ചിട്ടുമുണ്ട് ഇപ്പോള്‍. മോഹന്‍ലാലിന്‍റെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രവുമാണ് ഇത്. മഞ്ഞുമ്മല്‍ ബോയ്സ് മാത്രമാണ് മലയാളത്തില്‍ എമ്പുരാന് മുന്നില്‍ കളക്ഷനില്‍ അവശേഷിക്കുന്നത്. 240 കോടിയാണ് മഞ്ഞുമ്മലിന്‍റെ നേട്ടം.
Empuraan has 24 cuts, not 17; Suresh Gopi removed from the thank you card, here are the changes