മൂഴിക്കര :(www.thalasserynews.in)തലശേരി - ചമ്പാട് റൂട്ടിൽ മൂഴിക്കരയിൽ റോഡിലുള്ള അപകടക്കുഴി വാഹനങ്ങൾക്കും, യാത്രക്കാർക്കും ഭീഷണിയാകുന്നു. ഇരുചക്രവാഹന യാത്രക്കാർക്കും, ഓട്ടോ യാത്രക്കാർക്കുമാണ് കുഴി ഏറെ ഭീഷണിയാവുന്നത്.ഏതാണ്ട് ഒരു മാസം

മുമ്പാണ് റോഡരികിൽ താറിംഗ് താഴ്ന്ന് കുഴി രൂപപ്പെട്ടു തുടങ്ങിയത്. ദിവസങ്ങൾ പിന്നിട്ടപ്പോൾ താറിംഗ് കൂടുതൽ അടർന്ന് താഴ്ന്ന് തീർത്തും അപകടാവസ്ഥയായി. ഡ്രൈവിംഗിനിടെ ദൂരെ നിന്നും കുഴി കാണാനാവില്ല. തൊട്ടടുത്ത് എത്തിയാൽ മാത്രമെ ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടുകയുള്ളൂ. പെട്ടെന്ന് കുഴികണ്ടാൽ തന്നെ എതിരെ വാഹനം വരുന്നതിനാൽ വെട്ടിക്കാനുമാവില്ല. പരാതികൾ ഏറിയതോടെ രണ്ടാഴ്ച മുമ്പ് റിഫ്ലക്ടർ സ്റ്റിക്കർ പതിച്ച ടാർ വീപ്പകൾ നിരത്തി വച്ച് അധികൃതർ മടങ്ങി. ഇതര സ്ഥലങ്ങളിൽ നിന്ന് ഇന്ധനം നിറയ്ക്കാൻ പെട്രോൾ പമ്പുകളിലേക്കടക്കം ഇടതടവില്ലാതെ വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. തലശേരി - കോപ്പാലം - പാനൂർ റൂട്ടിലോടുന്ന സ്വകാര്യ ബസുകളടക്കമുള്ളവ വേറെയും. തിരക്ക് ഒഴിയാത്ത റോഡിലെ അപകടക്കുഴിയുടെ കാര്യം മുന്നറിയിപ്പിൽ മാത്രമൊതുക്കാതെ നികത്താൻ അധികാരികൾ അടിയന്തിര നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെയും ഡ്രൈവർമാരുടെയും ആവശ്യം. ഇതിന് സമീപത്തായി ജലനിധി കുടിവെള്ള വിതരണ പൈപ്പിടാൻ റോഡിന് കുറുകെ കുഴിയെടുത്തത് യഥാവിധി മൂടാത്തതും വാഹന യാത്രികർക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്
The dangerous pothole at Moozhikkara on the Thalassery-Champad road is getting bigger; authorities have issued a warning about the 'pothole' issue