തലശ്ശേരി (www.thalasserynews.in)മലബാര്‍ കാന്‍സര്‍ സെന്ററിന്റെ കിഫ്ബി സഹായത്തോടെയുള്ള രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മണ്ണെടുത്ത സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ മൂലമുള്ള ദുരന്തം ഒഴിവാക്കുന്നതിന് മഴക്കാലത്തിന് മുമ്പ് പാര്‍ശ്വഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കും. നിയമസഭാ സ്പീക്കർ എ എൻ ഷംസീറിൻ്റെ അദ്ധ്യക്ഷതയില്‍ സ്പീക്കറുടെ ചേംബറില്‍ കൂടിയ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മെല്ലെപ്പോക്കില്‍ നിര്‍വ്വഹണ ഏജന്‍സിയായ വാപ്കോസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകളുണ്ടെന്ന് യോഗം നിരീക്ഷിച്ചു.
വാപ്കോസ് ജനറല്‍ മാനേജര്‍ കെ.പി.എസ്. ത്യാഗി, കിഫ്ബി ടെക്നിക്കല്‍ കമ്മിറ്റി മെമ്പര്‍ കെ. ശ്രീകണ്ഠന്‍ നായര്‍ എന്നിവര്‍ അടുത്ത ദിവസം സൈറ്റ് സന്ദര്‍ശിച്ച് എം.സി.സി. ഡയറക്ടര്‍ ഡോ. ബി. സതീഷുമായി കൂടിയാലോചന നടത്തി പ്രവര്‍ത്തന പുരോഗതി സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിനും യോഗം തീരുമാനമെടുത്തു.
മേല്‍പ്പറഞ്ഞവരെ കൂടാതെ കിഫ്ബി സീനിയര്‍ ജനറല്‍ മാനേജര്‍ പി.എ. ഷൈല, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായ എം. കുഞ്ഞുമോന്‍, അര്‍ജ്ജുന്‍ എസ്. കെ. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Sidewall construction to be completed before monsoon season to prevent landslides at Malabar Cancer Center