കോഴിക്കോട് : കോഴിക്കോട് സ്വദേശി അര്‍ജുന്‍ അടക്കം നിരവധി പേരുടെ ജീവനെടുത്ത ഷിരൂര്‍ ദുരന്തത്തിന്റെ നടുന്നുന്ന ഓര്‍മകള്‍ക്ക് ഇന്നേക്ക് ഒരു ആണ്ട് പൂര്‍ത്തിയാകുന്നു. കര്‍ണാടകയിലെ ഷിരൂരില്‍ കനത്ത മഴയില്‍ കുന്നിടിഞ്ഞ് കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ അടക്കം 11 പേരാണ് മരിച്ചത്. 2024 ജൂലൈ 16നായിരുന്നു ഉത്തര കന്നടയിലെ ഷിരൂരില്‍ കുന്നിടിഞ്ഞ് റോഡിലേയ്ക്കും മറുവശത്തുള്ള നദിയിലേയ്ക്കും പതിച്ച് ദുരന്തമുണ്ടായത്

ലോറി ഡ്രൈവറായിരുന്ന അര്‍ജുന്റെ മൃതദേഹം ദിവസങ്ങള്‍ നീണ്ടുനിന്നു തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. ഗംഗാവാലിപ്പുഴയിലെ കനത്ത ഒഴുക്കും പ്രതികൂല കാലാവസ്ഥയും രക്ഷാദൗത്യം ദുര്‍ഘടമാക്കി. മൂന്ന് ഘട്ടങ്ങളിലായി 72 ദിവസത്തെ രക്ഷാദൗത്യമാണ് ഷിരൂരില്‍ അരങ്ങേറിയത്. മൂന്നാം ഘട്ടത്തില്‍ ഡ്രഡ്ജര്‍ എത്തിച്ച് നടത്തിയ തിരച്ചിലിലാണ് അര്‍ജുനെ കണ്ടെത്തിയത്. ഗംഗാവാലിപ്പുഴയുടെ അടിത്തട്ടില്‍ നിന്നും അര്‍ജുന്റെ മൃതദേഹാവശിഷ്ടവും ട്രക്കും ഡ്രഡ്ജര്‍ ഉപയോഗിച്ച് ഉയര്‍ത്തിയെടുക്കുകയായിരുന്നു. മരിച്ച 11 പേരില്‍ 9 പേരുടെയും മൃതദേഹം വിവിധ ഘട്ടങ്ങളിലായി കണ്ടെത്തി. അപകടത്തില്‍പ്പെട്ട ജഗന്നാഥ നായിക്കിന്റെയും ലോകേഷ് നായിക്കിന്റെയും മൃതദേഹം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒരു വര്‍ഷം പിന്നിടുമ്പോഴും ഇവരുടെ മരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാത്തതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം ഇവരുടെ കുടുംബങ്ങള്‍ക്ക് ലഭ്യമായിട്ടില്ല. ഒരു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിക്കെതിരെ നിലവില്‍ കോടതിയില്‍ കേസ് ഉണ്ട്. വനംവകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാല്‍ ഇടിഞ്ഞ ഭാഗത്തെ മണ്ണ് നീക്കം ചെയ്യാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പുഴയിലെ ഒഴുക്കിന് തടസ്സം നില്‍ക്കുന്ന മണ്‍കൂനകളും നീക്കം ചെയ്തിട്ടില്ല
One year has passed since the Shirur disaster; 11 people including Arjun lost their lives