കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ സുപ്രധാന ചടങ്ങുകളിലൊന്നായ ഇളനീർവയ്‌പ്പ് വെള്ളിയാഴ്ച രാത്രി നടക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് അക്കരെ ക്ഷേത്രം ലക്ഷ്യമാക്കി നൂറുകണക്കിന് ഇളനീർ ഭക്തർ ഒപ്പം കുടുംബാംഗങ്ങളും കൊട്ടിയൂരിലേക്ക് പ്രവഹിക്കാൻ തുടങ്ങി.
വെള്ളിയാഴ്‌ച വൈകിട്ടോടെ ഇക്കരെ ക്ഷേത്രപരിസരത്ത് എത്തിച്ചേരും. സന്ധ്യയോടെ മന്ദംചേരിയിലെ ബാവലിക്കരയിലെത്തി ഇളനീർവയ്‌പ്പിനുളള മുഹൂർത്തം കാത്തിരിക്കും. രാത്രി ശീവേലിക്കുശേഷം ഇളനീർവയ്‌പ്പിനുള്ള രാശി വിളിക്കുന്നതോടുകൂടി ഇളനീർക്കാവുകളുമായി ബാവലിപ്പുഴയിൽ മുങ്ങി അക്കരെ ക്ഷേത്രത്തിലേക്ക് കുതിക്കും. തിരുവഞ്ചിറയിൽ വിരിച്ച തട്ടും പോളയിലുമാണ് ഇളനീർക്കാവുകൾ സമർപ്പിക്കുക.
തുടർന്ന് ഭണ്ഡാരം പെരുക്കി മടങ്ങും. രാത്രി മുഴുവൻ തുടരുന്ന ഇളനീർവയ്‌പ്പ് ജന്മവകാശികളായ തണ്ടയാന്മാർ മുഖമണ്ഡപത്തിൽ എണ്ണയും ഇളനീരും സമർപ്പിക്കുന്നതോടെ സമാപിക്കും. ശനിയാഴ്ച രണ്ടാമത്തെ ആരാധനയായ അഷ്ടമി ആരാധനയും ഇളനീരാട്ടവും നടക്കും. നാല് ആരാധനകളിൽ ആദ്യത്തേതായ തിരുവോണം ആരാധനയ്‌ക്ക് വ്യാഴാഴ്‌ച നല്ല തിരക്ക് അനുഭവപ്പെട്ടു.
Kottiur Vaisakha Mahotsavam,Tonight is the important ceremony of relaxation