കേളകം: (www.thalasserynews.in) വിവാഹത്തിന് വരനെത്താഞ്ഞതിനെത്തുടർന്ന് കണ്ടെത്തണമെന്ന ആവശ്യവുമായി വധുവും ബന്ധുക്കളും പോലീസിനെ സമീപിച്ചു. തലശ്ശേരി പൊന്ന്യം സ്വദേശിനിയായ യുവതിയും ബന്ധുക്കളുമാണ് വിവാഹത്തിന് കണിച്ചാർ പാറയപ്പട്ടണം സ്വദേശിയായ വരനെത്താഞ്ഞതിനെത്തുടർന്ന് കേളകം പോലീസിന്റെ സഹായം തേടിയത്.
ബുധനാഴ്ച രാവിലെ 10-നാണ് വിവാഹം നടക്കേണ്ടിയിരുന്നത്. വരനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭിക്കാതെ വന്നതോടെയാണ് ഇവർ കേളകം പോലീസ് സ്റ്റേഷനിലെത്തിയത്. യുവതിയിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വരന്റെ വീട്ടിൽ ചെന്ന് അന്വേഷിച്ചപ്പോഴാണ് ഇയാൾക്ക് ഭാര്യയും രണ്ട് മക്കളുമുണ്ടെന്നും ബെംഗളൂരുവിലാണ് താമസമെന്നും അറിയുന്നത്.
ഇവർ രണ്ടുപേരും നേരത്തേ ഒന്നിച്ചു പഠിച്ചിരുന്നതാണെന്നാണ് പോലീസിൽനിന്ന് ലഭിക്കുന്ന വിവരം. സഹപാഠിസംഗമത്തിൽ വീണ്ടും കണ്ടുമുട്ടിയപ്പോഴാണ് പരിചയം പുതുക്കിയത്. വിവാഹമോചിതയായ യുവതിക്ക് ഒരു കുട്ടിയുണ്ട്. താനും വിവാഹമോചിതനാണെന്നാണ് യുവാവ് യുവതിയോട് പറഞ്ഞിരുന്നത്.
തുടർന്നാണ് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചത്. യുവാവ് വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നുമുള്ള വിവരം പോലീസ് യുവതിയെയും ബന്ധുക്കളെയും അറിയിച്ചതിനെത്തുടർന്ന് ഇവർ മടങ്ങിപ്പോയി. യുവാവിനെ കണ്ടെത്തിത്തരണമെന്ന് മാത്രമാണ് യുവതിയും ബന്ധുക്കളും ആവശ്യപ്പെട്ടതെന്ന് പേലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.
A woman from Thalassery and her family complained that the groom was missing on the day of the wedding.Twist in the investigation conducted with the help of Kelakam police.