നീണ്ട കാത്തിരിപ്പിനൊടുവിൽ തലശ്ശേരി മാഹി ബൈപ്പാസ് ഉത്ഘാടനത്തിന് ഒരുങ്ങുന്നു. മിനുക്കുപണികൾ മാത്രമാണ് ബാക്കിയുള്ളത്. മാഹി റെയിൽവേ മേൽപ്പാലത്തിന്‍റേയും ടോൾ ബൂത്തിന്‍റേയും ജോലികൾ അവസാന ഘട്ടത്തിലാണ്.

മാഹിയും തലശ്ശേരിയും കഴിഞ്ഞ് മുഴപ്പിലങ്ങാടിനുമിടയിൽ അഴിയാക്കുരുക്കിന്‍റെ നാളുകൾ അവസാനിക്കുകയാണ്. 46 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദേശീയപാതാ ബൈപ്പാസ് യാഥാർത്ഥ്യമാവുകയാണ്.
കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ 18.6 കിലോ മീറ്റർ പാതയാണ്.1977ൽ സ്ഥലമേറ്റെടുപ്പ് തുടങ്ങിയ പദ്ധതിയാണിത്. ഇഴഞ്ഞിഴഞ്ഞ് ഒടുവിൽ നിർമാണം തുടങ്ങിയത് 2018ലാണ്. പദ്ധതിക്കായി ഏറ്റെടുത്തത് 85.52 ഏക്കർ. 45 മീറ്റർ വീതിയിൽ ആറ് വരിപ്പാതയാണ് ഒരുങ്ങിയത്.
20 മിനിറ്റ് കൊണ്ട് മുഴപ്പിലങ്ങാട് നിന്ന് അഴിയൂരെത്താം. ആകെ നിർമാണച്ചെലവ് 1300 കോടിയാണ്. അഞ്ചരമീറ്റർ വീതിയിൽ ഇരുഭാഗത്തും സർവീസ് റോഡുണ്ട്. ബൈപ്പാസിൽ നാല് വലിയ പാലങ്ങൾ. 21 അടിപ്പാതകൾ. ധർമടം,തലശ്ശേരി, തിരുവങ്ങാട്, എരഞ്ഞോളി, കോടിയേരി, മാഹി, ചൊക്ലി, അഴിയൂർ എന്നിവിടങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. വടക്കൻ കേരളത്തിന്‍റെ കുരുക്കുകളിലൊന്നിൻ്റെ ദുരിതം തീരുകയാണ്. ദേശീയപാത കൂടി വേഗത്തിലായാൽ ഇനി സുഖയാത്ര.
46 years of unraveling comes to an end, six-lane road is ready; Thalassery Mahi Bypass ready for inauguration