കാലപ്പഴക്കത്താൽ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ തലശ്ശേരി സബ് ഡിവിഷൻ ഓഫീസിന് ജല അതോറിറ്റിയുടെ കോണാർ വയലിലുള്ള ഭൂമിയിൽ പുതിയ കെട്ടിടം സ്ഥാപിച്ച് ജീവനക്കാരുടെയും പൊതുജനങ്ങളുടെയും ജീവൻ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ഐഎൻടിയുസി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

1969 ൽ സ്ഥപിച്ച സബ് ഡിവിഷൻ ഓഫീസ് 12 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിനടിയിലാണ് സ്ഥിതി ചെയ്യുന്നത്. തൂണുകൾ ദ്രവിച്ച്, ചോർന്നൊലിക്കുന്ന കെട്ടിടവും കാട് മൂടിക്കിടക്കുന്ന പരിസരവും കാരണം പ്രദേശത്ത് ഇഴജന്തുക്കളും തെരുവ് നായ അടക്കമുള്ള ജീവികളും വിഹരിക്കുകയാണ്. ജീവനക്കാർക്കും ഓഫീസിലെത്തുന്ന പൊതുജനങ്ങൾക്കും ജീവന് പോലും ഭീഷണിയായ സാഹചര്യമാണുള്ളത്.
ഇതിനിടയിലാണ് ജലഅതോറിറ്റിയുടെ ഭാവിയിൽ കെട്ടിടം നിർമ്മിക്കാനുദ്ദേശിക്കുന്ന കോണാർ വയലിലെ 168/4 ,168 / 6, 170/4 സർവ്വേ നമ്പറിലുള്ള 114.5 സെൻ്റ് സ്ഥലം കൊടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ട്രസ്റ്റിന് കൈമാറാനുള്ള അണിയറ നീക്കം നടക്കുന്നത്. ട്രസ്റ്റ് സെക്രട്ടറി ജില്ലാ കലക്ടർക്ക് കൊടുത്ത അപേക്ഷയിൽ ജല അതോറിറ്റിയുടെ സ്ഥലം സൗജന്യമായി അനുവദിക്കണമെന്ന് അപേക്ഷയിൽ ജല അതോറിറ്റി ഓഫീസിന് കെട്ടിടം നിർമ്മിക്കാനുള്ള സ്ഥലം കൈമാറാൻ നിർവ്വാഹമില്ല എന്നായിരുന്നു. എന്നാൽ ഉന്നത സമ്മർദ്ദത്തെ തുടർന്ന് പ്രസ്തുത ഭൂമിയിൽ പുതിയ കെട്ടിടം സ്ഥാപിക്കാനുള്ള നീക്കം മരവിപ്പിച്ചിരിക്കുകയാണ്.
ഇതിനെതിരെ ജീവനക്കാർ ശക്തമായ പ്രതിഷേധത്തിലാണ്.
ശോചനീയാവസ്ഥയിലുള്ള തലശ്ശേരി സബ് ഡിവിഷൻ ഓഫീസ്, കൊടുവള്ളി സെക്ഷൻ ഓഫീസ് ജല അതോറിറ്റിയുടെ KSRTC സ്റ്റാൻഡിന് സമീപമുള്ള കോണാർ വയലിലെ സ്ഥലത്ത് പുതിയ കെട്ടിടം സ്ഥാപിച്ച് അവിടേക്ക് മാറ്റുക, ജല അതോറിറ്റിയുടെ ആസ്തികൾ സംരക്ഷിക്കുക, കുത്തുപറമ്പ് സെക്ഷൻ ഓഫീസിന് സ്വന്തമായി കെട്ടിടം നിർമ്മിക്കുക, കീഴല്ലൂർ ഓഫീസിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ സദസ്സ് കെ പി സി സി അംഗം സജീവ് മാറോളി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ട്രഷറർ വിനോദ് എരവിൽ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡണ്ട് ടി വി ഫെമി അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി വി.പി റെജി സ്വാഗതം പറഞ്ഞു യുണിറ്റ് സെക്രട്ടറി മനോജ് പുള്ളിക്കൂൽ നന്ദി പറഞ്ഞു. വി.പി രാഘവൻ, കെ വി വേണുഗോപാൽ, ടി. പി സഞ്ജയ്, എം സുരജ്, ജംസൺ ജേക്കബ്, ഷനിബ പി കെ , ശ്രുതി ദേവി തുടങ്ങിയവർ സംസാരിച്ചു
Staff Association demands construction of new building for Thalassery Water Authority Sub-Division Office; Office is located under 12 lakh litre drinking water tank