(www.thalasserynews.in) ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം നാദാപുരത്ത് എത്തിയ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് യുഡിഎഫ് പ്രവർത്തകർ വൻ വരവേൽപ് നൽകി.
രാജ്യത്ത് ബിജെപിക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന ഡി.കെ.ശിവകുമാറിനോട് ഇന്നാട്ടുകാർക്കുള്ള സ്നേഹം വ്യക്തമാക്കുന്നതായി സ്വീകരണവും റോഡ്ഷോയും. അലകടലായെത്തിയ ജനസാഗരത്താൽ നാദാപുരം വീർപുമുട്ടി. നാലു മണിയോടെ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ സ്ത്രീകളടക്കമുള്ള ജനാവലി കസ്തുരികുളം മുതൽ നാദാപുരം ടൗൺ വരെ റോഡിനിരുവശവും തമ്പടിച്ചു.
ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺ കുമാറും യുഡിഎഫിൻ്റെ മറ്റു നേതാക്കളും, സ്ഥാനാർഥി ഷാഫി പറമ്പിലും എത്തിയതോടെ റോഡ് ഷോക്ക് തുടക്കമായി. അൽപം കഴിഞ്ഞ് ഡി.കെ.ശിവകുമാർ എത്തിയതോടെ ആവേശം പതിന്മടങ്ങായി.
തുടർന്ന് ഡി.കെ.യും റോഡ് ഷോയിൽ ഷാഫിയോടപ്പം കൂടി. ബാൻ്റ് മേളം, മുത്തുക്കുടകൾ, വർണങ്ങൾ, വെടിക്കെട്ടുകൾ എന്നിവയോടൊപ്പം ശിങ്കാരിമേളത്തിന്റെ അകമ്പടി കൂടിയായപ്പോൾ അക്ഷരാർത്ഥത്തിൽ നാദാപുരം വീർപ്പുമുട്ടി
DK Nadapuram Received a royal welcome