കണ്ണൂർ:(www.panoornews.in) വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്ന സംവിധാനത്തിൽ ആൾമാറാട്ടം നടത്തിയതിന് കണ്ണൂരിൽ രണ്ട് പോളിങ് ഉദ്യോഗസ്ഥർക്കെതിരെ കേസ്. പോളിങ് ഓഫിസർ ജോസ്ന ജോസഫ്, ബി.എൽ.ഒ കെ. ഗീത എന്നിവർക്കെതിരെയാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്.

പോളിങ് ഓഫിസറെയും ബി.എൽ.ഒയെയും ജില്ല വരണാധികാരി കൂടിയായ കലക്ടര്‍ അരുണ്‍ കെ. വിജയന്‍ സസ്‌പെൻഡ് ചെയ്തതിനു പിന്നാലെയാണ് പൊലീസ് കേസെടുത്തത്. കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ 70 -ാം നമ്പര്‍ ബൂത്തിലെ കീഴ്ത്തള്ളി ബി.കെ.പി അപ്പാർട്ടുമെന്റിലെ 86കാരി കെ. കമലാക്ഷിയുടെ വോട്ടിലാണ് ആൾമാറാട്ടം നടത്തിയത്. താഴെ ചൊവ്വ ബണ്ടുപാലം ‘കൃഷ്ണകൃപ’യിൽ വി. കമലാക്ഷിയെ കൊണ്ടാണ് ഇവരുടെ വോട്ട് ചെയ്യിച്ചത്.
എഴുപതാം നമ്പർ ബൂത്തിലെ കോൺഗ്രസുകാരിയും അംഗനവാടി ടീച്ചറുമായ ബി.എൽ.ഒയാണ് വോട്ട് ചെയ്യിപ്പിച്ചതെന്ന് ആരോപിച്ച് എൽ.ഡി.എഫ് ജില്ല കൺവീനർ എൻ. ചന്ദ്രനാണ് മുഖ്യമതെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയത്. കലക്ടറുടെ നിർദേശ പ്രകാരം നിയമസഭ മണ്ഡലം അസി. റിട്ടേണിങ് ഓഫിസര്‍ നൽകിയ പരാതിയിലാണ് ഇവർക്കെതിരെ കേസെടുത്തത്. വിശദമായ അന്വേഷണത്തിന് അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ്, ജില്ല ലോ ഓഫിസര്‍ എ. രാജ്, അസി. റിട്ടേണിങ് ഓഫിസര്‍ ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) ആര്‍ ശ്രീലത എന്നിവരെ ചുമതലപ്പെടുത്തി.
കല്യാശ്ശേരി പാറക്കടവിൽ 92കാരിയുടെ വോട്ട് രേഖപ്പെടുത്തിയതിന് സി.പി.എം കപ്പോത്ത്കാവ് മുൻ ബ്രാഞ്ച് സെക്രട്ടറി ഗണേശനും ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് ഉദ്യോഗസ്ഥർക്കും വിഡിയോഗ്രാഫർക്കുമെതിരെ വെള്ളിയാഴ്ച പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് കണ്ണൂരിൽ വീണ്ടും കള്ളവോട്ട് സംഭവം.
Impersonation in house voting in Kannur;Case against two persons