തലശേരി :(www.thalasserynews.in) കോടിയേരി പാറാലിൽ സിപിഐ എം പ്രവർത്തകരെ വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിന് പിന്നിൽ ആർഎസ്‌എസ് .അക്രമികളെ പൊലീസ് തിരിച്ചറിഞ്ഞു. 15 അംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ്. സിപിഐഎം പ്രവർത്തകരായ പാറാലിലെ തൊട്ടോളിൽ സുജനേഷ് (35), ചിരണങ്കണ്ടി ഹൗസിൽ സുബിൻ (30) എന്നിവരെയാണ് അക്രമിച്ചത്.
ഇന്നലെ രാത്രി 9.40ഓടെ മാഹി ചെമ്പ്രയിൽനിന്ന് ആയുധവുമായെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സുബിന്റെ തലക്കും കഴുത്തിനുമാണ് വെട്ടേറ്റത്. സുജനേഷിന്റെ കൈയെല്ല് പൊട്ടി. തലക്കും വെട്ടേറ്റു. പാറാൽ ടൗണിൽ നിൽക്കുമ്പോഴാണ് ഇരുവരെയും ആയുധവുമായി സംഘടിച്ചെത്തിയ സംഘം ആക്രമിച്ചത്.
മാഹി ചെമ്പ്രയിലെ എളവരശൻ എന്ന സനീഷ്, ചോട്ടു എന്ന ശരത്ത്, കുഞ്ഞിപ്പുരമുക്കിലെ ഇപ്പീട്ടൻ എന്ന ജിജേഷ്, ഗീതാഞ്ജലി ട്രാവലർ ഡ്രൈവർ ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് ആക്രമണം നടത്തിയത്. തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ കഴിഞ്ഞദിവസം മാഹി ചെറുകല്ലായിയിലെ സിപിഐ എം ഓഫീസ് ആക്രമിച്ച് രണ്ട് പ്രവർത്തകരെ വെട്ടിയിരുന്നു.
തലശേരി ടൗണിൽ ആഹ്ലാദപ്രകടനത്തിനിടെ സ്‌ഫോടകവസ്‌തു കൈകാര്യംചെയ്യുന്നതിനിടെ ബിജെപി പ്രവർത്തകന്റെ കൈവിരലുകളും കഴിഞ്ഞദിവസം ചിതറിത്തെറിച്ചിരുന്നു.
ഇതിനുപിറകെയാണ് പാറാലിൽ രണ്ടുപേരെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. ചെമ്പ്രയിലെ സിപിഐ എം അനുഭാവികളുടെ വീടുകളിൽ കയറി ഭീഷണിയുമുണ്ടായി. ആക്രമത്തിൽ പരിക്കേറ്റവരെ സിപിഐ എം ഏരിയാ സെക്രട്ടറി സി കെ രമേശൻ, ലോക്കൽ സെക്രട്ടറിമാരായ എ ശശി, പി പി ഗംഗാധരൻ എന്നിവർ സന്ദർശിച്ചു.
Accused identified as: Parall Violation;Case against fifteen people for attempted murder