കൂത്തുപറമ്പ്: (www.thalasserynews.in) കണ്ണവം സ്കൂൾ ദുരന്തം നടന്നിട്ട് 55വർഷം. കണ്ണവത്ത് യുപി സ്കൂളിനായി നിർമിച്ച കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ 14 കുരുന്നു ജീവനുകളാണ് പൊലിഞ്ഞത്.
ഓല ഷെഡിൽനിന്ന് ഓട് പാകിയ പുതിയ ക്ലാസ് റൂമിലെത്തിയതിന്റെ സന്തോഷത്തിലായിരുന്നു 160 കുട്ടികൾ. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ വാർത്ത പത്രത്തിൽ വായിച്ചതിന്റെ ആഹ്ലാദം പങ്കിട്ട് കൊണ്ടിരിക്കെയാണ് കനത്ത മഴയ്ക്കൊപ്പം എത്തിയ ചുഴലിക്കാറ്റ് നിമിഷ നേരം കൊണ്ട് എല്ലാം തകർത്തെറിഞ്ഞത്.
പുതുതായി നിർമിച്ച നാല് ക്ലാസ് റൂം അടങ്ങിയ കെട്ടിടം പൂർണമായും നിലംപൊത്തി. കുട്ടികൾ ചെങ്കല്ലും മൺകട്ടയും മരത്തടികളും ഓടും അടങ്ങിയ കൂമ്പാരത്തിനടിയിലായി. 1969 ജൂലൈ 22ന് മൂന്നോടെയാണ് ദുരന്തമുണ്ടായത്. മുഴുവൻ കുട്ടികൾക്കും സാരമായി പരുക്കേറ്റു.
അക്കാലത്ത് കണ്ണവം ഉൾപ്പെടുന്ന വനമേഖലയിലെ ഏക വിദ്യാലയമായിരുന്നു കണ്ണവം യുപി.സ്കൂൾ. ആദിവാസി വിഭാഗത്തിൽനിന്നുൾപ്പെടെയുള്ള കുട്ടികളുടെ പ്രധാന പഠനകേന്ദ്രവും ഈ സ്കൂളായിരുന്നു. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ സ്കൂൾ ദുരന്തങ്ങളിലൊന്നായാണ് കണ്ണവം സ്കൂൾ ദുരന്തം ഇന്നും അറിയപ്പെടുന്നത്
55 years since the Kannavam school disaster;14 children lost their lives that day