(www.thalasserynews.in)നിവിൻപോളിക്കെതിരെ യുവതി നൽകിയ മൊഴിയിൽ പൊരുത്തക്കേടുകള്‍ ഉള്ളതിനാൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്.
ദുബായിലെ ഹോട്ടലിൽവച്ച് 2023 നവംബർ, ഡിസംബർ മാസങ്ങളിൽ പീഡിപ്പിച്ചെന്നായിരുന്നു ആദ്യ പരാതി. ഈ മാസങ്ങളിൽ യുവതി കേരളത്തിലായിരുന്നു എന്നാണ് പൊലീസിനു ലഭിച്ച വിവരം.
ഇതിൽ വ്യക്തത വരുത്താൻ യാത്രാരേഖകൾ പരിശോധിക്കും. ഹോട്ടൽ അധികൃതരിൽനിന്നും വിവരം ശേഖരിക്കും. 2021ന് ശേഷം നിവിൻ ഈ ഹോട്ടലിൽ താമസിച്ചിട്ടില്ലെന്നും പൊലീസ് സ്ഥിരീകരിച്ചതായാണ് ലഭിക്കുന്ന വിവരം. യുവതിയുടെ ആദ്യ പരാതി ലഭിച്ചപ്പോൾ പൊലീസ് അന്വേഷണം നടത്തി ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതാണ്. നിവിൻ പോളിയടക്കം 6 പേർക്ക് എതിരെയാണ് ഊന്നുകൽ പൊലീസ് കേസെടുത്തത്. നിവിൻ 6–ാം പ്രതിയാണ്. കോട്ടയം സ്വദേശി ശ്രേയ, സിനിമാനിർമാതാവ് തൃശൂർ സ്വദേശി എ.കെ.സുനിൽ, എറണാകുളം സ്വദേശികളായ ബിനു, ബഷീർ, കുട്ടൻ എന്നിവരാണു മറ്റു പ്രതികൾ.
കഴിഞ്ഞ നവംബറിൽ യൂറോപ്പിൽ ‘കെയർ ഗിവറായി’ ജോലി വാഗ്ദാനം ചെയ്തു. അതു നടക്കാതായപ്പോൾ സിനിമാക്കാരുമായി ബന്ധമുണ്ടെന്നും സിനിമയിൽ അവസരം നൽകാമെന്നും പറഞ്ഞു ശ്രേയ ദുബായിലെത്തിച്ചെന്നും
അവിടെ ഹോട്ടൽ മുറിയിൽ മറ്റു പ്രതികൾ പീഡിപ്പിച്ചെന്നുമാണു യുവതിയുടെ മൊഴി. പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ഇതേ സംഘം സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്നു കാട്ടി ഒരുമാസം മുൻപു യുവതി ഊന്നുകൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കേസെടുത്തിരുന്നില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നു രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിനു നൽകിയ പീഡനപരാതിയെ തുടർന്നാണ് ഇപ്പോഴത്തെ നടപടി. പീഡനാരോപണം ശുദ്ധനുണയാണെന്നും അങ്ങനെയൊരു പെൺകുട്ടിയെ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലെന്നും നിവിൻ പോളി വ്യക്തമാക്കിരുന്നു.
Inconsistencies in the statement given by the woman against Nivinpoli, the police is preparing for a detailed investigation