(www.thalasserynews.in) രാജ്യത്തെ 70 വയസ്സിന് മുകളിൽ പ്രായക്കാരായ മുഴുവൻ പേരെയും ആയുഷ്‌മാൻ ഭാരത് മെഡിക്കൽ ഇൻഷൂറൻസ് പദ്ധതിക്ക് കീഴിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനം.
സാമ്പത്തിക പശ്ചാത്തലം നോക്കാതെ 70 വയസ്സ് പിന്നിട്ട എല്ലാവർക്കും ഇൻഷൂറൻസ് ആനുകൂല്യം ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
ആയുഷ്‌മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (AB PM-JAY) പ്രകാരം ആറ് കോടി മുതിർന്ന പൗരന്മാരുള്ള 4.5 കോടി കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കുടുംബ അടിസ്ഥാനത്തിൽ 5 ലക്ഷം രൂപയുടെ സൗജന്യ പരിരക്ഷയാണ് പദ്ധതിക്ക് കീഴിൽ ലഭിക്കുക.
നിലവിൽ പദ്ധതിയിൽ അംഗങ്ങളായവർക്ക് അഞ്ച് ലക്ഷം രൂപയുടെ അധിക പരിരക്ഷയും ലഭിക്കും. ഇത് കുടുംബങ്ങളുമായി പങ്കിടാനാവില്ല. കേന്ദ്ര ഗവൺമെന്റ് ഹെൽത്ത് സ്കീം (സിജിഎച്ച്എസ്), എക്‌സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്), ആയുഷ്‌മാൻ സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സ് (സിഎപിഎഫ്) തുടങ്ങിയ മറ്റ് പബ്ലിക് ഹെൽത്ത് ഇൻഷുറൻസ് സ്കീമുകളുടെ ആനുകൂല്യങ്ങൾ ഇതിനകം ലഭിക്കുന്ന 70 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് അവരുടെ നിലവിലുള്ള പദ്ധതിയിൽ തുടരുകയോ എ ബിപിഎംജെവൈയിലേക്ക് മാറുകയോ ചെയ്യാം.
സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് പോളിസികൾക്കോ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സ്‌കീമിനോ കീഴിലുള്ള 70 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്കും എ ബി പിഎംജെവൈ പ്രകാരം ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ടാകും.
A revolutionary decision in the medical field; Central government to provide medical insurance to all those above 70 years of age