(www.thalasserynews.in) അർജുൻ അടക്കം മൂന്ന് പേർക്കായി ഷിരൂരിലെ മണ്ണിടിച്ചിൽ മേഖലയിൽ നടക്കുന്ന തെരച്ചിലിനിടെ അസ്ഥി കണ്ടെത്തി. ഗംഗാവലി പുഴയോരത്ത് നിന്നാണ് രാത്രിയോടെ അസ്ഥി കണ്ടെത്തിയത്. മനുഷ്യന്‍റെ അസ്ഥിയാണെന്നാണ് സംശയിക്കുന്നത്.
വിശദമായ പരിശോധനയ്ക്കായി അസ്ഥി ഫോറൻസിക് ലാബിലേക്ക് പൊലീസ് കൊണ്ടുപോയി. അസ്ഥി കിട്ടിയിട്ടുണ്ട് എന്ന് സതീഷ് സെയിൽ എംഎൽഎ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇത് എഫ്എസ്എൽ ലാബിലേക്ക് അയക്കണം. മനുഷ്യന്‍റേത് ആണോ മറ്റേതെങ്കിലും മൃഗത്തിന്‍റേത് ആണോ എന്ന് പരിശോധനയിൽ മാത്രമേ വ്യക്തമാകൂ. അതിന് ചുരുങ്ങിയത് ഒരാഴ്ച കാത്തിരിക്കേണ്ടി വരുമെന്നും സതീഷ് സെയിൽ പറഞ്ഞു. അതേസമയം, ഷിരൂർ തെരച്ചിലിന്‍റെ മൂന്നാം ഘട്ടത്തിൽ അടിമുടി ആശയക്കുഴപ്പമാണ്.
ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയെ തുടർന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വര്‍ മല്‍പെ തെരച്ചിൽ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. എന്നാല്‍, ആശയക്കുഴപ്പം ഒന്നുമില്ലെന്നും നാളെ മുതൽ ഉള്ള തെരച്ചിലിൽ നാവികസേന ഉൾപ്പടെ ഭാഗമാകും എന്നും ജില്ലാ കലക്ടറും സ്ഥലം എംഎൽഎയും പറഞ്ഞു.
During the search of Shirur, a bone was found by the river; Doubt it's human