(www.thalasserynews.in) നിലമ്പൂരിലെ പൊതുസമ്മേളനത്തിന് പിന്നാലെ പിവി അൻവർ ഇന്ന് കോഴിക്കോട് പൊതുയോഗത്തിൽ സംസാരിക്കും.
മുതലക്കുളം മൈതാനത്ത് വൈകീട്ട് ആറരയ്ക്കാണ് പരിപാടി. മാമി തിരോധാനക്കേസ് വിശദീകരണ യോഗത്തിലാണ് അന്‍വര്‍ പങ്കെടുക്കുക. എഡിജിപിക്കൊപ്പം സിപിഎമ്മിനെതിരെ കൂടി കൂടുതല്‍ ആഞ്ഞടിക്കാനുള്ള വേദിയാകും ഇന്നത്തേത്. കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തില്‍ എഡിജിപി എം.ആര്‍. അജിത് കുമാറിന് ഒളിഞ്ഞും തെളിഞ്ഞും പങ്കുണ്ടെന്നാണ് പി.വി. അന്‍വര്‍ നേരത്തെ ആരോപിച്ചത്.
ഇതോടെ കേസ് അന്വേഷണത്തില്‍ വഴിത്തിരിവുണ്ടായി. അതിനിടെ ഫോൺ ചോര്‍ത്തൽ കേസിൽ പി.വി. അൻവറിനെ പൊലീസ് ചോദ്യം ചെയ്യും. നെടുങ്കുന്നം സ്വദേശി തോമസ് പീലിയാനിക്കല്‍ നല്‍കിയ പരാതിയിലാണ് കോട്ടയം കറുകച്ചാൽ പൊലീസ് നീക്കം.
ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളർത്തിയെന്നായിരുന്നു പരാതി. കഴിഞ്ഞ ദിവസം കേസിൽ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. അൻവര്‍ ഫോൺ ചോര്‍ത്തിയതിന്റെ ടെലി കമ്മ്യൂണിക്കേഷൻ രേഖകൾ തന്റെ കൈയിൽ ഇല്ലെന്നും മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പരാതി നൽകിയതെന്നുമാണ് തോമസ് കെ പീലിയാനിക്കൽ നൽകിയ മൊഴി.
അതേസമയം താൻ ഫോൺ ചോർത്തിയതല്ല, തനിക്ക് വന്ന ഫോൺ കോൾ റെക്കോർഡ് ചെയ്തതാണ് എന്നാണ് അൻവറിൻ്റെ വിശദീകരണം.
Anwar today Kozhikode, Mami disappearance case explanation meeting; Police to question on phone hacking