(www.thalasserynews.in)കരിയന്നൂരില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ മൂന്നു വയസ്സുകാരനെ രക്ഷിക്കാന്‍ പിറകെച്ചാടിയ വലിയുമ്മ. വെള്ളറക്കാട് പാറയ്ക്കല്‍ വീട്ടില്‍ അഫ്സലിന്റെയും ഫര്‍സാനയുടെയും മകന്‍ ഇമാദിനെയാണ് വലിയുമ്മ റോജുര കിണറ്റില്‍നിന്ന് ജീവിതത്തലേക്ക് പിടിച്ചുകയറ്റിയത്.
കഴിഞ്ഞ ദിവസമാണ് കുട്ടി കരിയന്നൂരിലെ ഉമ്മവീട്ടില്‍ എത്തിയത്. വ്യാഴാഴ്ച രാവിലെ 11-ഓടെ കളിക്കുന്നതിനിടെ സമീപത്തെ പറമ്പിലെ കിണറ്റില്‍ വീഴുകയായിരുന്നു. ഏഴടിയോളം വെള്ളമുള്ള കിണറ്റില്‍ വീണ കുട്ടി പൊങ്ങിവന്നപ്പോള്‍ പമ്പ് സെറ്റിന്റെ പൈപ്പില്‍ പിടിച്ചുതൂങ്ങി.
ഇതു കണ്ട ഉമ്മയുടെ ഉമ്മ റെജുല കിണറ്റിലേക്ക് എടുത്തുചാടി. കുട്ടിയെ എടുത്ത് നിലയുള്ള അങ്കിലേക്ക് നിന്നു. നീന്തല്‍ അറിയുന്നതും രക്ഷയായി.
ഓടിയെത്തിയ നാട്ടുകാരന്‍ മുക്കില്‍പ്പുരയ്ക്കല്‍ വേലായുധന്‍ ഉടന്‍ ഇവരെ കരയ്ക്കു കയറ്റാന്‍ കിണറ്റിലിറങ്ങി. നാട്ടുകാര്‍ ചേര്‍ന്ന് കയറും കസേരയും ഉപയോഗിച്ച് രണ്ടു പേരെയും മുകളിലേക്കു കയറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
കഴുത്തോളം വെള്ളത്തില്‍ ഒരു മണിക്കൂറോളം ഇവര്‍ കുട്ടിയുമായി കിണറ്റില്‍ക്കുടുങ്ങി. കുന്നംകുളം അഗ്‌നി രക്ഷാ സേനയെത്തിയാണ് രണ്ടുപേരെയും മുകളിലെത്തിച്ചത്. രണ്ടുപേരെയും ആശുപത്രിയിലെത്തിച്ച് പ്രാഥമികശുശ്രൂഷ നല്‍കി.
അഗ്‌നി രക്ഷാ സേന ഓഫീസര്‍മാരായ വിജയ് കൃഷ്ണ, ശ്രീജിത്ത്, റഫീഖ്, ജിഷ്ണു, രഞ്ജിത്ത്, ഗോഡ്സണ്‍ എന്നിവര്‍ രക്ഷപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകരും എരുമപ്പെട്ടി പോലീസും സ്ഥലത്തെത്തിയിരുന്നു.
Grandmother jumped back to save a three-year-old boy who fell into a well; I lay in water up to my neck for an hour