Oct 31, 2024 02:06 PM

തലശേരി:(www.thalasserynews.in)  തലശേരി സ്വദേശിയും, ബിപിഎൽ സ്ഥാപകനും, പ്രമുഖ വ്യവസായിയുമായ ടി.പി.ജി നമ്പ്യാർ അന്തരിച്ചു  പ്രമുഖ ഇലക്ട്രോണിക്സ് ഉപകരണനിർമാണ ബ്രാൻഡായ ബിപിഎല്ലിന്‍റെ സ്ഥാപക ഉടമ ടി.പി.ജി നമ്പ്യാർ അന്തരിച്ചു. 96 വയസ്സായിരുന്നു.

ഇന്ന് രാവിലെ ബെംഗളുരുവിലെ ലാവെല്ലെ റോഡിലുള്ള സ്വവസതിയിൽ ആയിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലം കഴിഞ്ഞ കുറച്ച് കാലമായി വിശ്രമത്തിലായിരുന്നു അദ്ദേഹം. മുൻ കേന്ദ്രമന്ത്രിയും വ്യവസായപ്രമുഖനുമായ രാജീവ് ചന്ദ്രശേഖർ മരുമകനാണ്.


ഇന്ത്യൻ കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡുകളിൽ ഒരു കാലത്ത് സർവാധിപത്യം പുലർത്തിയ ബ്രാൻഡാണ് ബിപിഎൽ. 1963-ലാണ് തലശ്ശേരി സ്വദേശിയായ ടി.പി.ജി നമ്പ്യാർ ബ്രിട്ടീഷ് ഫിസിക്കൽ ലാബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങുന്നത്. അതേ പേരിലുള്ള ബ്രിട്ടീഷ് കമ്പനിയുമായി സഹകരിച്ച്, ഇന്ത്യൻ പ്രതിരോധസേനകൾക്ക് വേണ്ടിയുള്ള ചെറു ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിർമിച്ചായിരുന്നു തുടക്കം.


1982-ലെ ഏഷ്യൻ ഗെയിംസിന് ശേഷം ഇന്ത്യൻ വിപണിയിൽ കളർ ടിവികൾക്കും വീഡിയോ കാസറ്റുകൾക്കുമുണ്ടായ ഡിമാൻഡ് കണ്ടറിഞ്ഞ് ആ ഉപകരണങ്ങളുടെ നിർമാണമേഖലയിലേക്ക് കടന്നു ബിപിഎൽ. പിന്നീട് 1990-കൾ വരെ ഇന്ത്യൻ ഇലക്ട്രോണിക്സ് ഉപകരണനിർമാണരംഗത്തെ അതികായരായി ബിപിഎൽ മാറി. 1990-കളിൽ ഉദാരവൽക്കരണകാലം മുതൽ വിദേശകമ്പനികളുമായി കടുത്ത മത്സരം നേരിട്ട ബിപിഎൽ പിന്നീട് ടെലികമ്മ്യൂണിക്കേഷൻ, മൊബൈൽ രംഗത്തേക്കും ശ്രദ്ധ കേന്ദ്രീകരിച്ചു.


ഇപ്പോൾ മെഡിക്കൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ നിർമാണ രംഗത്താണ് ബിപിഎൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ടിപിജി നമ്പ്യാർക്ക് വ്യവസായ രംഗത്തെ നിരവധി പ്രമുഖരാണ് സമൂഹമാധ്യമങ്ങളിലൂടെ ആദരാഞ്ജലികൾ അർപ്പിക്കുന്നത്. അദ്ദേഹത്തിന്‍റെ സംസ്കാരച്ചടങ്ങുകൾ നാളെ രാവിലെ 11 മണിക്കും 12 മണിക്കുമിടയിൽ ബെംഗളുരു ബയ്യപ്പനഹള്ളി ടെർമിനലിനടുത്തുള്ള കൽപ്പള്ളി ശ്മശാനത്തിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.




TPG Nambiar, a native of Thalassery, founder of BPL and prominent businessman passed away.

Next TV

Top Stories










News Roundup






Entertainment News