അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുന്ന ചിറക്കര ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിന് ഒരു പുതിയ ബഹുനില കെട്ടിടം കൂടി പ്രവർത്തന സജ്ജമായി.
ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി പ്ലാൻ ഫണ്ടിൽ നിന്നുള്ള ഒരു കോടി 54 ലക്ഷം ചിലവഴിച്ച് പണി പൂർത്തിയാക്കിയ മൂന്ന് നില കെട്ടിടം നാളെ രാവിലെ 10 ന് തലശേരി എം.എൽ.എ കൂടിയായ സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ ഉത്ഘാടനം ചെയ്യും.
ചടങ്ങിൽ തലശേരി നഗരസഭാ ചെയർ പേഴ്‌സൺ കെ.എം. ജമുനാ റാണി ടീച്ചർ അദ്ധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ഉത്ഘാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സ്‌കൂൾ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
17 കോടി രൂപ മുടക്കിയാണ് സ്‌കൂളിൻ്റെ ഭൗതിക സാഹചര്യങ്ങളുടെ പരിമിതികൾ മറികടക്കാൻ മൂന്ന് ഘട്ടങ്ങളിലായി പുതിയ കെട്ടിടങ്ങൾ പണിതു വരുന്നത്.
മൂന്നാം ഘട്ടമായി 5 കോടി മുടക്കി നിർമ്മിച്ച നാലു നില കെട്ടിടം നേരത്തെ ഉത്ഘാടനം ചെയ്തിരുന്നു. രണ്ടാംഘട്ടത്തിൽ പണിത കെട്ടിടമാണ് നാളെ ഉത്‌ഘാടനം ചെയ്യപ്പെടുന്നത്. ഒരു കോടി മുടക്കി മൂന്നാം ഘട്ടത്തിൽ പണിയുന്ന കെട്ടിടം തയ്യാറായി വരികയാണ്.
ഒരു കോംപൗണ്ടിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻ്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂളുകൾ പ്രവർത്തിക്കുന്ന അപൂർവ്വത അവകാശപ്പെടാനാവുന്ന ചിറക്കര സ്കൂളിലെ വിദ്യാർത്ഥികൾ പാഠ്യ-പാഠ്യേതര വിഷയങ്ങളിലും മികച്ച നിലവാരം ലർത്തിവരികയാണെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് ടി.കെ.ഷാജ്, പ്രധാനാദ്ധ്യാപിക പി.ഒ. ശ്രീരഞ്ജ, പബ്ലിസിറ്റി കൺവിനർ വി.കെ.മുഹമ്മദ് നജീബ്, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ വി.സി.സിജു, പി.ടി.എ.പ്രസിഡണ്ട് എം.എം. മൻസൂർ, മദർ പി.ടി.എ പ്രസിഡണ്ട് ആർ. നിജിമ എന്നിവർ വിശദീകരിച്ചു.
Chirakkara Govt. Vocational Higher Secondary School to reach international standards; Foundation stone of new block to be laid tomorrow