തലശേരി:(www.thalasserynews.in)മദിരാശി കേരള സമാജം നിർമിച്ച വീടിന്റെ താക്കോൽ നാളെ കുടുംബത്തിന് കൈമാറും. പള്ളൂർ–-പന്തക്കൽ റോഡിൽ മുത്തപ്പൻ ബസ്‌സ്‌റ്റോപ്പിനടുത്ത് രാഘവന്റെ ഭാര്യ മല്ലികയുടെ നിടുമ്പ്രത്തെ സ്ഥലത്താണ് വീട് നിർമിച്ചത്. മദിരാശി കേരള സമാജം അംഗങ്ങൾക്കൊപ്പം മേഴ്‌സി കോപ്‌സ് എന്ന ചാരിറ്റി സംഘടനയും ഈ സദുദ്യമത്തിൽ പങ്കാളിയായി.
മദിരാശി കേരള സമാജം ചെയർമാൻ ഗോകുലം ഗോപാലൻ താക്കോൽ കൈമാറും. മുഖ്യരക്ഷാധികാരി ഡോ എ വി അനൂപ് മെഡിമിക്‌സ്, പ്രസിഡന്റ എം ശിവദാസൻപിള്ള, ജനറൽ സെക്രട്ടറി ടി അനന്തൻ, വീട് നിർമാണ കമ്മിറ്റി ചെയർമാൻ കെ വി വിശ്വമോഹനൻ എന്നിവർ പങ്കെടുക്കും. തലശേരി രാഘവന്റെ ഭാര്യ മല്ലികയും ഇളയമകളും ചെന്നൈയിലാണിപ്പോൾ. മറ്റൊരു മകൾ വിവാഹിതയായി കോഴിക്കോടും. മദിരാശി കേരളസമാജത്തിന്റെ അമരക്കാരനായി ദീർഘകാലം പ്രവർത്തിച്ച തലശേരി രാഘവൻ ദേശാഭിമാനിയുടെ മദിരാശിലേഖകനായു ഏതാനും വർഷം പ്രവർത്തിച്ചു.
കേരളം കാതോർത്ത വാർത്തകൾ
ദേശാഭിമാനിയുടെ ആദ്യകാല വായനക്കാർക്ക് സുചരിചിതനാണ് തലശേരി രാഘവൻ. മദിരാശി വിശേഷങ്ങൾ വായനക്കാർ അറിഞ്ഞത് രാഘവന്റെ ‘മദിരാശിക്കത്തി’ലൂടെയാണ്. അറുപതുകളുടെ ആദ്യം ഇന്റഗ്രൽ കോച്ച് ഫാക്‌ടറിയിൽ ജോലി ലഭിച്ച് മദ്രാസിലേക്ക് പോയതാണ് കോടിയേരി ഈങ്ങയിൽപീടികയിലെ പുത്തൻ പുരയിൽ രാഘവൻ. ജോലിയിൽ ചേർന്നെങ്കിലും രണ്ട് വർഷം തികയും മുമ്പ് കമ്യൂണിസ്‌റ്റ്‌ബന്ധമാരോപിച്ച് പിരിച്ചുവിട്ടു. പിന്നീട് ചേസൺ ആന്റ് കമ്പനിയിൽ ഓഫീസ് മാനേജറായി. 1963ൽ ‘ദേശാഭിമാനി’ക്ക് മദിരാശിക്കത്ത് അയക്കാൻ തുടങ്ങിയപ്പോഴാണ് പുത്തൻപുരയിൽ രാഘവൻ തലശേരി രാഘവനായത്. 1968വരെ മുടങ്ങാതെ അദ്ദേഹം മദിരാശി വിശേഷങ്ങൾ അയച്ചുകൊണ്ടിരുന്നു.
കോടിയേരി ഈങ്ങയിൽപീടിക സ്വദേശിയായ രാഘവൻ തലശേരി സെന്റ് ജോ്സഫ്‌സ് ഹൈസ്‌കൂളിൽ നിന്ന് 600ൽ 485 മാർക്ക് വാങ്ങിയാണ് എസ്‌എസ്‌എൽസി പാസായത്. കോളേജിൽ ചേരാനുള്ള സാമ്പത്തിക പശ്‌ചാത്തലം അന്നുണ്ടായില്ല. ഈങ്ങയിൽപീടിക ദേശീയവായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ ആദ്യകാലം മുതലുള്ള പ്രവർത്തകനായിരുന്നു. അക്കാലത്ത് മാതൃഭൂമി ആഴ്‌ചപതിപ്പ് നടത്തിയ ചെറുകഥാമത്സരത്തിൽ രാഘവന് രണ്ടാംസ്ഥാനമായിരുന്നു. ഒന്നാം സ്ഥാനം എഴുത്തുകാരി പി വത്സലക്കും. നാടക നടനും കവിയും കഥാകൃത്തും നോവലിസ്‌റ്റുമായിരുന്നു .
വെള്ളിത്തിരയിലും പതിഞ്ഞ പേര്
തലശേരി രാഘവന്റെ ‘കാന്തവലയം’ നോവൽ ഐവി ശശി സിനിമയാക്കിയിട്ടുണ്ട്. തിരക്കഥ എഴുതിയതും രാഘവനായിരുന്നു. ഇളനീര് നോവലാകട്ടെ ‘ പൊന്നും പൂവു’മെന്ന പേരിൽ ചലച്ചിത്രമായി. മറ്റുചില സിനിമകൾക്കും തിരക്കഥഎഴുതി. വയലാറിന്റെ ഗാനപ്രപഞ്ചം എന്നപഠനഗ്രന്ഥവും രചിച്ചു. മദിരാശി നഗരത്തിലെ പാവപ്പെട്ട തൊഴിലാളികളെ സംഘടിപ്പിച്ച രാഘവൻ സിപിഐ എം മദിരാശി ഏരിയകമ്മിറ്റിഅംഗമായും പ്രവർത്തിച്ചു. ദേശാഭിമാനി അമ്പതാം വാർഷികം കേരള സമാജത്തിൽ ആഘോഷിച്ചത് തലശേരി രാഘവന്റെ നേതൃത്വത്തിലായിരുന്നു. 2003 ഫെബ്രുവരി 3നാണ് അന്തരിച്ചത്.
The family of former Madras Kerala Samajam general secretary Thalassery Raghavan is now in the loving embrace of Chennai Malayalis; key donation tomorrow.