(www.thalasserynews.in)സംസ്ഥാനത്ത് നിന്ന് സ്ഥലംമാറി പോകുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവനിൽ നാളെ യാത്രയയപ്പ്. പുതിയ കേരള ഗവർണർ രാജേന്ദ്ര അർലേക്കർ ജനുവരി രണ്ടിന് ചുമതലയേൽക്കും.
ഇദ്ദേഹം പുതുവത്സര ദിനത്തിൽ കേരളത്തിലെത്തും. ഇതേ ദിവസം തന്നെ ആരിഫ് മുഹമ്മദ് ഖാൻ കൊച്ചിയിൽ നിന്ന് ബിഹാറിലേക്ക് തിരിക്കും. ഇദ്ദേഹം ജനുവരി രണ്ടിന് ബിഹാറിൽ ചുമതല ഏറ്റെടുക്കും. രാജ്‌ഭവൻ ജീവനക്കാരാണ് നാളെ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകുന്നത്.
ആർഎസ്എസിൽ നിന്ന് ബിജെപിയിലെത്തി ഗോവയിൽ പരിസ്ഥിതി മന്ത്രിയും സ്പീക്കറും ആയ ശേഷമാണ് രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഗവർണറായത്.
ഹിമാചൽ പ്രദേശിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ അർലേക്കറായിരുന്നു ഗവർണ്ണർ.
ഹിമാചലിൽ സ്കൂളുകളും കോളേജുകളും തൊഴിലാളികളുടെ താമസസ്ഥലവും ഒക്കെ നിരന്തരം സന്ദർശിച്ച് രാജ്ഭവന് പുറത്തേക്കിറങ്ങിയ വ്യക്തിയായിരുന്നു അർലേക്കർ. രാജ്ഭവൻറെ വാതിലുകളും നിരന്തരം സന്ദർശനങ്ങൾക്കായി തുറന്നു കൊടുത്തിരുന്നു.
ഒരു കൊല്ലത്തിനു ശേഷം ബീഹാറിലേക്ക് ഗവർണറായി അദ്ദേഹം മാറി. നിതീഷ് ഇന്ത്യ സഖ്യത്തിൻറെ ഭാഗമായിരുന്നപ്പോൾ സർവ്വകലാശാല വൈസ് ചാൻസലർമാരുടെ നിയന്ത്രണത്തെ ചൊല്ലി സംസ്ഥാനവുമായി തെറ്റി.
മുഖ്യമന്ത്രി കൂടി പങ്കെടുത്ത ചടങ്ങിൽ സർക്കാരിനെതിരെ അർലേക്കർ ആഞ്ഞടിച്ചു. പിന്നീട് നിതീഷ് കുമാർ, ഗവർണറെ കണ്ട് വിഷയം പരിഹരിക്കുകയായിരുന്നു. കേരളത്തിൽ തെരഞ്ഞെടുപ്പിന് ഒരു കൊല്ലം മാത്രം ബാക്കിയിരിക്കെ പുതിയ ഗവർണ്ണറും നിരന്തരം വാർത്തകൾ സൃഷ്ടിക്കാനാണ് സാധ്യത.
Arif Mohammed Khan to be sent off tomorrow; New Kerala Governor to arrive in the state on New Year's Day