(www.panoornews.in) അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് യാത്രാമൊഴിയേകി രാജ്യം. നിഗം ബോധ് ഘട്ടിൽ നടന്ന സംസ്കാരച്ചടങ്ങിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെ നിരവധി പ്രമുഖരും ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരും പങ്കെടുത്തു. സൈനിക ബഹുമതികളോടെ, സിഖ് മതാചാരപ്രകാരമായിരുന്നു സംസ്കാരച്ചടങ്ങുകൾ.
രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത്ഷാ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാൽ എന്നിവർ സംസ്കാര ചടങ്ങുകൾക്ക് സാക്ഷിയായി. അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരക്കണക്കിന് പ്രവർത്തകരാണെത്തിയത്.
മോത്തിലാൽ മാർഗിലെ മൂന്നാം നമ്പർ ഔദ്യോഗിക വസതിയിൽ നിന്ന് രാവിലെ എട്ടോടെയാണ് മൃതദേഹം കോൺഗ്രസ് ആസ്ഥാനത്തേക്ക് മാറ്റിയത്. എഐസിസി ആസ്ഥാനത്ത് പൊതുദർശനം പൂർത്തിയായതിനുശേഷം നിഗം ബോധ് ഘട്ടിലേക്കുള്ള വിലാപ യാത്രയിൽ ആയിരങ്ങൾ പങ്കെടുത്തു. മൻമോഹൻ സിങ്ങിന്റെ ഭൗതിക ശരീരമുള്ള വാഹനത്തിൽ രാഹുൽ ഗാന്ധിയുമുണ്ടായിരുന്നു. നിഗം ബോധ് ഘട്ടിലെത്തിയ ശേഷം കോൺഗ്രസ് എംപിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും അന്തിമോപചാരം അർപ്പിച്ചു.
The nation bids farewell to Manmohan Singh with respect; his last rites will be performed at Nigambodh Ghat