(www.thalasserynews.in)സംസ്ഥാന സ്കൂൾ കലോത്സവത്തിന് മുന്നോടിയായി സുരക്ഷാ ഓഡിറ്റിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സതീശന്റെ പൊതുവിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു.
കത്ത് പൂർണ രൂപത്തിൽ
സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന് ശനിയാഴ്ച മുതൽ തലസ്ഥാന നഗരിയിൽ തുടക്കമാകുകയാണല്ലോ.
കലോത്സവത്തിനു വേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പും സർക്കാരും നടത്തുന്ന മുന്നൊരുക്കങ്ങളെ അഭിനന്ദിക്കുന്നതിനൊപ്പം ഗൗരവതരമായ ചില വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിനുമാണ് ഈ കത്ത്.
കഴിഞ്ഞ ദിവസം കൊച്ചി ജവഹർലാൽ നെഹ്റു അന്താരഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിയിൽ പങ്കെടുക്കാനെത്തിയ തൃക്കാക്കര എം.എൽ.എ. ഉമ തോമസ്, മതിയായ സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവത്തിൽ അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്.
കൊച്ചി ഫ്ലവർ ഷോ കാണാനെത്തിയ വീട്ടമ്മയും അപകടത്തൽപ്പെട്ട് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും കലാസ്വാദകരും ഉൾപ്പെടെ പതിനായിരക്കണക്കിന് പേർ എത്തിച്ചേരുന്ന സ്കൂൾ കലോത്സവത്തിൻ്റെ സുരക്ഷ കുറ്റമറ്റതും കാര്യക്ഷമവും ആക്കണമെന്നതിനുള്ള മുന്നറിയിപ്പായി ഈ സംഭവങ്ങളെ കാണണം.
മത്സര വേദികളിലും ഊട്ടുപുരയിലും കുട്ടികൾ താമസിക്കുന്ന സ്കൂളുകളിലും അടിയന്തിരമായി എല്ലാ സർക്കാർ വകുപ്പുകളെയും ഏജൻസികളെയും ഉൾപ്പെടുത്തിയുള്ള സുരക്ഷാ ഓഡിറ്റിങ് നടത്തണം.
പ്രധാന വേദികൾ ഉൾപ്പെടെ തിരക്കേറിയ നഗര മധ്യത്തിലായ സാഹചര്യത്തിൽ നിരത്തുകളിലെ സുരക്ഷയും ഉറപ്പാക്കേണ്ടതുണ്ട്. ഇതെല്ലാം സർക്കാരിൻ്റെയും പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെയും ഉത്തരവാദിത്തമാണ്.
ഇക്കാര്യങ്ങളിൽ അങ്ങയുടെ ഭാഗത്ത് നിന്നും അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കി കുട്ടികളുടെ ഈ കലാമേളയെ വൻ വിജയമാക്കി തീർക്കാൻ എല്ലാ പിന്തുണയും ഉറപ്പ് നൽകുന്നു.
Opposition leader's letter to the Minister of Public Education: Safety audit should be conducted for school festivals