തലശ്ശേരി :(www.thalasserynews.in)തലശ്ശേരിയിലെ പൈതൃക ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഡി.ടി.പി.സിക്ക് കീഴിലെ തലശ്ശേരി ഡെസ്റ്റിനേഷൻ മാനേജ്മന്റ് കൗൺസിൽ സംഘടിപ്പിച്ച ഹെറിറ്റേജ് റൺ സീസൺ നാലിൽ പുരുഷ വിഭാഗത്തിൽ എത്യോപ്യയിൽ നിന്നുള്ള വാഷേ തെബേജെ കിനാറ്റോയും വനിതാ വിഭാഗത്തിൽ കേരളത്തിൽ നിന്നുള്ള റീബ അന്നയും ജേതാക്കളായി.
പുരുഷ വിഭാഗത്തിൽ മഹാരാഷ്ട്ര സ്വദേശി രാമേശ്വർ വിജയ് മുൻജ, രാജസ്ഥാൻ സ്വദേശി രാകേഷ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വനിതകളിൽ കേരളത്തിൽ നിന്നുള്ള ടി.പി ആശ രണ്ടാം സ്ഥാനവും ഉത്തരാഖണ്ഡിൽ നിന്നുള്ള അങ്കിത ഭട്ട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
തലശ്ശേരി വി.ആർ കൃഷ്ണയ്യർ സ്റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ജേതാക്കൾക്കുള്ള മെഡലും ക്യാഷ് അവാർഡും വിതരണം ചെയ്തു. നിയമസഭ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ അധ്യക്ഷനായിരുന്നു. ഇരു വിഭാഗങ്ങളിലുമായി ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയവർക്ക് യഥാക്രമം ഒരു ലക്ഷം രൂപ, 50,000 രൂപ, 25,000 രൂപ വീതം ക്യാഷ് അവാർഡ് നൽകി. എല്ലാ സ്പോട്ടുകളും ഫിനിഷ് ചെയ്ത ഏറ്റവും പ്രായം കൂടിയ വ്യക്തി കോഴിക്കോട് സ്വദേശി വാസുവും (78 വയസ്സ്) ഏറ്റവും പ്രായം കുറഞ്ഞയാൾ തലശ്ശേരിയിലെ പത്ത് വയസ്സുകാരൻ മെഹത് ബീരാനുമാണ്. ഭിന്നശേഷി വിഭാഗത്തിൽ ഷാജിയും മുഴുവൻ സ്പോട്ടുകളും ഓടി പൂർത്തിയാക്കി. എത്യോപ്യ ഉൾപ്പെടെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി 1200 ഓളം കായികതാരങ്ങൾ ഹെറിറ്റേജ് റണ്ണിൽ പങ്കാളികളായി. തലശ്ശേരിയിലെ 34 ഹെറിറ്റേജ് സ്പോട്ടുകളെ ബന്ധിപ്പിച്ച് 21 കിലോമീറ്റർ മിനി മാരത്തോൺ ആയാണ് മത്സരം സംഘടിപ്പിച്ചത്.
ഇന്ത്യൻ മെഡിക്കൽ അസോസിഷൻ തലശ്ശേരി ചാപ്റ്റർ ഡോക്ടർമാർക്ക് ഏർപ്പെടുത്തിയ സമ്മാനം ഐഎംഎ വൈസ് പ്രസിഡന്റ് ഡോക്ടർ ഫസൽ നേടി. ഹാർട്ട് ബീറ്റ് കൂടുതലുള്ള അലൻ ജോസഫും പ്രോത്സാഹന സമ്മാനത്തിന് അർഹനായി. പരിപാടിയിൽ പ്രധാന സ്പോൺസർമാരെ ആദരിച്ചു.
രാവിലെ തലശ്ശേരി വി ആർ കൃഷ്ണയ്യർ സ്റ്റേഡിയത്തിൽ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിന്റെ സാന്നിധ്യത്തിൽ നടന്ന ഫ്ലാഗ് ഓഫ് പരിപാടിയിൽ എംഎൽഎമാരായ കെ.വി.സുമേഷ്, അഡ്വ. സജീവ് ജോസഫ് തലശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ ജമുനാ റാണി ടീച്ചർ, സംഘാടക സമിതി ചെയർമാനും തലശ്ശേരി സബ് കലക്ടറുമായ കാർത്തിക് പാണിഗ്രഹി, സ്പോർട്സ് സംഘാടകൻ ജോൺസൺ മാസ്റ്റർ, ഡിടിപിസി സെക്രട്ടറി ശ്യാംകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Thalassery Heritage Run Season 4; Washe Tebeje Kinato from Ethiopia and Reba Anna from Kerala are the winners in the women's category