(www.thalasserynews.in)വീടിന് തീപ്പിടിച്ച് ഒറ്റയ്ക്ക് താമസിച്ചിരുന്ന ബധിരയും മൂകയുമായ വയോധിക വെന്തുമരിച്ചു. വൈക്കം ഇടയാഴം കൊല്ലന്താനത്ത് മേരി(75) ആണ് മരിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം.

വീട്ടില്‍നിന്ന് തീയും പുകയും ഉയരുന്നതുകണ്ട നാട്ടുകാര്‍ വെള്ളമൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് വൈക്കം അഗ്‌നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ സ്ഥലത്തെത്തി വളരെ പണിപ്പെട്ട് തീ അണച്ചെങ്കിലും മേരിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
വീട്ടില്‍ ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത് തീ പിടിത്തത്തിന്റെ ആക്കം കൂട്ടി. മേരിയുടെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വീട്ടില്‍ വൈദ്യുതി ഇല്ലായിരുന്നുവെന്നും വിളക്കില്‍നിന്ന് തീ പടര്‍ന്നതാകാം അപകടകാരണമെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വൈക്കം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
Disabled elderly woman who lived alone burned to death in house fire