(www.thalasserynews.in)ഡൽഹിയുടെ അടുത്ത മുഖ്യമന്ത്രിയായി രേഖ ഗുപ്‌തയെ തെരഞ്ഞെടുത്ത് ബി.ജെ.പി. ഡൽഹിയുടെ നാലാമത്തെ വനിത മുഖ്യമന്ത്രിയാണ് രേഖ. നിലവിൽ രാജ്യത്ത് ബി.ജെ.പിയുടെ ഏക വനിത മുഖ്യമന്ത്രിയും രേഖ ഗുപ്തയാണ്. പർവേശ് വർമയായിരിക്കും ഡൽഹി ഉപമുഖ്യമന്ത്രി.

ബി.ജെ.പിയുടെ ഷാലിമാർ ബാഗിൽ നിന്നുള്ള എം.എൽ.എയാണ് രേഖ ഗുപ്ത. ദീർഘകാല രാഷ്ട്രീയ പരിചയമുള്ള നേതാവാണ് രേഖാഗുപ്‌ത. വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് അവർ ബി.ജെ.പിയിലേക്ക് എത്തുന്നത്. നിലവിൽ ഡൽഹി ബി.ജെ.പിയിൽ ജനറൽ സെക്രട്ടറിയാണ് രേഖ ഗുപ്‌ത. ബി.ജെ.പി മഹിള മോർച്ച ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനവും അവർ വഹിച്ചിട്ടുണ്ട്. ഡൽഹി ഷാലിമാർ ബാഗ് സീറ്റിൽ 68,200 വോട്ടുകൾ നേടിയാണ് അവർ വിജയിച്ചത്. അഭിഭാഷകയായ അവർ ഡൽഹി യൂനിവേഴ്സിറ്റി സ്റ്റുഡന്റ് യൂണിയൻ പ്രസിഡന്റായാണ് രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. 1996-97 കാലയളവിലായിരുന്നു അവർ പ്രസിഡന്റായത്. പിന്നീട് മുൻസിപ്പൽ തെരഞ്ഞെടുപ്പുകളിലേക്ക് അവർ ചുവടുമാറ്റി. 2007ൽ ഡൽഹി മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ അവർ വിജയിച്ചു. 2012ലും വിജയമാവർത്തിക്കാൻ
അവർക്ക് സാധിച്ചു.
എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാളിനെ തോൽപ്പിച്ചാണ് ഈ തെരഞ്ഞെടുപ്പിൻ്റെ ശ്രദ്ധാകേന്ദ്രമായി പർവേശ് വർമ മാറിയത്. പർവേശ് മുഖ്യമന്ത്രിസ്ഥാനത്ത് എത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, ഒടുവിൽ നറുക്ക് രേഖ ഗുപ്‌തക്ക് വീഴുകയായിരുന്നു.
Rekha Gupta becomes Delhi Chief Minister; Parvesh Verma, who defeated Arvind Kejriwal, becomes Deputy Chief Minister