(www.thalasserynews.in)ഒമാനില്‍ നിന്ന് ഉംറ തീർഥാടനത്തിന് പുറപ്പെട്ട മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം സൗദി അതിർത്തിയിൽ അപകടത്തിൽപ്പെട്ട് കുട്ടികളടക്കം മൂന്ന് മരണം. രിസാല സ്റ്റഡി സര്‍ക്കിള്‍ (അര്‍.എസ്.സി) ഒമാന്‍ നാഷനല്‍ സെക്രട്ടറിമാരായ കോഴിക്കോട് കാപ്പാട് സ്വദേശി ശിഹാബ് കാപ്പാട്, തലശേരിക്കടുത്ത് മമ്പറം സ്വദേശി മിസ്അബ് കൂത്തുപറമ്പ് എന്നിവരും കുടുംബാംഗങ്ങളുമാണ് ഒമാൻ-സൗദി അതിർത്തിയായ ബത്ഹയില്‍ ഞായറാഴ്ച രാവിലെ അപകടത്തില്‍ പെട്ടത്.

ശിഹാബിന്റെ ഭാര്യ സഹ്ല (30), മകള്‍ ആലിയ (7), മിസ്അബിന്‍റെ മകന്‍ ദഖ് വാന്‍ (6) എന്നിവരാണ് മരിച്ചത്. കുട്ടികൾ അപകടസ്ഥലത്തും സഹ്ല ആശുപത്രിയിലുമാണ് മരിച്ചത്. മിസ്അബിന്‍റെ ഭാര്യ ഹഫീനയും മറ്റു മക്കളും സൗദി കിഴക്കൻ പ്രവിശ്യയിലെ ഹുഫൂഫ് കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലാണ്. മിസ്അബും ശിഹാബും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
വെള്ളിയാഴ്ച വൈകീട്ട് നോമ്പ് തുറന്നശേഷം മസ്ക്കറ്റിൽനിന്ന് പുറപ്പെട്ട കുടുംബങ്ങൾ വഴിമധ്യേ ഇബ്രി എന്ന സ്ഥലത്ത് തങ്ങി വിശ്രമിച്ചു. ശനിയാഴ്ച വൈകീട്ട് നോമ്പ് തുറന്നശേഷം സൗദിയിലേക്ക് യാത്ര തുടർന്നു. ബത്ഹ അതിർത്തിയിലെത്തിയ ഞായറാഴ്ച രാവിലെ 8.30ഓടെയാണ് അപകടമുണ്ടാവുന്നത്. കഴിഞ്ഞ മെയ് മാസത്തിലാണ് മിസ്ഹബും കുടുംബവും അവസാനമായി നാട്ടിലെത്തിയത്.മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് സ്ഥിരീകരണമായിട്ടില്ല. ദക് വാൻ്റെ മാതാവ് ഹഫീനക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
Tragic news hits Thalassery during Eid celebrations; Three people, including children from a Malayali Umrah group, die in a car accident on the Saudi-Oman border