
കൊച്ചി: ലഹരിക്കേസിൽ സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങിയ നടൻ ഷൈൻ ടോം ചാക്കോ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്ന് പൊലീസ്. ശനിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ട ഷൈനിനോട് തിങ്കളാഴ്ച വീണ്ടും ഹാജരാകണമെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു.
കൂടുതൽ കൂടിയാലോചനകൾക്ക് ശേഷമായിരിക്കും രണ്ടാംഘട്ട ചോദ്യംചെയ്യലിന് വിളിപ്പിക്കുകയെന്നാണ് റിപ്പോർട്ട്. ഷൈന്റെ ഫോണിലെ അടക്കം വിവരങ്ങൾ പരിശോധിക്കാൻ പൊലീസിന് കൂടുതൽ സമയം വേണ്ടിവന്നേക്കുമെന്നാണ് സൂചന. തിങ്കളാഴ്ച കമ്മീഷണറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന ശേഷമാകും തുടര്‍ നടപടി.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിൽ ലഹരി ഉപയോഗിച്ചതായി ഷൈൻ പൊലീസിനോട് സമ്മതിച്ചിരുന്നു. ഇതോടെ ലഹരി ഉപയോഗിച്ചോ എന്ന് കണ്ടെത്തുന്നതിനായി ആന്‍റി ഡോപിങ് ടെസ്റ്റിന് വിധേയമാക്കുന്നതിനുള്ള സാമ്പിളുകളടക്കം ശേഖരിച്ചിരുന്നു. രക്തം, നഖം, മുടി എന്നിവയുടെ സാംപിളുകൾ ഇന്നലെ പൊലീസ് ശേഖരിച്ചത്. വൈദ്യ പരിശോധനയില്‍ ലഹരി കണ്ടെത്താതിരിക്കാൻ മറുമരുന്ന് (ആന്റിഡോട്ടുകള്‍) ഷൈൻ ഉപയോഗിച്ചിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.
Police ask Shine Tom Chacko not to appear today