
കൊച്ചി : നടന്‍ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ നടി വിൻസി അലോഷ്യസ് നൽകിയ പരാതി ഒത്തുതീർപ്പിലേക്ക്. തനിക്ക് ഉണ്ടായ ബുദ്ധിമുട്ടാണ് പറഞ്ഞതെന്നും പരാതിയില്ലെന്നും വിൻസി ഐസിസിയെ അറിയിച്ചു. വിഷയത്തിൽ ഷൈൻ ടോം ചാക്കോ ഖേദം പ്രകടിപ്പിച്ചു.
ഇരുവരും ചർച്ചക്ക് ശേഷം കൈ കൊടുത്ത് പിരിഞ്ഞു. സിനിമയുമായി സഹകരിക്കുമെന്ന് ഷൈനും വിൻസിയും അറിയിച്ചു. ഐസിസി റിപ്പോർട്ട് ഉടൻ കൈമാറും.
അതിനിടെ, ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരി കേസിൽ പൊലീസിന്‍റെ തുടർനടപടികൾ നീളും. തെളിവുകൾ ഇല്ലാത്തതിനാൽ ഷൈനെ വീണ്ടും ചോദ്യം ചെയ്യുന്നതിൽ കാര്യമില്ലെന്നാണ് പൊലീസ് വിലയിരുത്തൽ.
ലഹരി പരിശോധനാ ഫലം വരാൻ രണ്ടുമാസം കഴിയും. കസ്റ്റഡിയിലെടുത്ത ഫോണുകളുടെ ഫോറെൻസിക് പരിശോധന ഫലവും വൈകുമെന്നാണ് വിവരം. എപ്പോൾ വിളിച്ചാലും ഹാജരാകാമെന്ന് ഷൈൻ അറിയിച്ചതിനാൽ തിടുക്കം കാണിക്കേണ്ട എന്നാണ് പൊലീസിന്‍റെ തീരുമാനം.
ഫിലിം ചേംബറിന്റെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് കമ്മിറ്റിയുടെയും യോഗം ഇന്നലെ കൊച്ചിയിൽ ചേർന്നിരുന്നു. ഐസി-യുടെ അന്തിമ റിപ്പോർട്ടിന് ശേഷമാകും ഇനി ഫിലിം ചേംബറിന്റെ തുടർനടപടികൾ.അതേസമയം, താര സംഘടന അമ്മ നിയോഗിച്ച മൂന്നംഗ സമിതിയുടെ അന്വേഷണവും തുടരുകയാണ്.
Vinci's complaint is on the verge of settlement; Shine expresses regret