
മാലയിൽ പുലിപ്പല്ല് ലോക്കറ്റായി ഉപയോഗിച്ച കേസിൽ റാപ്പര്‍ വേടനെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. വേടനെതിരെ മൃഗവേട്ടയടക്കമുള്ള വകുപ്പുകളും വനംവകുപ്പ് ചുമത്തി. പുല്ലിപ്പല്ല് രൂപമാറ്റം വരുത്തിയ തൃശൂരിലെ ജ്വല്ലറിയിലും വനംവകുപ്പ് പരിശോധന നടത്തും. ചോദ്യം ചെയ്യലിനുശേഷമാണ് വേടന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
നടപടികള്‍ക്കുശേഷം വേടനെ പെരുമ്പാവൂരിലെ താലൂക്ക് ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകും. ഇതിനുശേഷമായിരിക്കും കേസിൽ പെരുമ്പാവൂര്‍ മുൻസിഫ് കോടതിയിൽ ഹാജരാക്കുക. അതേസമയം, രഞ്ജിത്ത് കുമ്പിടിയെ അറിയില്ലെന്നും പരിപാടിയിൽ നിന്ന് ലഭിച്ച പണമാണ് ഇന്നലെ പൊലീസ് പിടിച്ചെടുത്തതെന്നും വേടൻ വനംവകുപ്പിന് മൊഴി നൽകി.
വേടന്‍റെ പക്കൽ നിന്നും പുലിപ്പല്ല് പിടികൂടിയ സംഭവത്തിൽ കുറച്ച് കാര്യങ്ങളിൽ കൂടി വ്യക്ത വേണമെന്നും അന്വേഷിച്ചുകൊണ്ടിരിക്കുകായണെന്നും കോടനാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ആര്‍ അഥീഷ് പറഞ്ഞു. വേടന് പുല്ലിപ്പല്ല് നൽകിയ രഞ്ജിത്തിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഇൻസ്റ്റയിലൂടെ വേടന് രഞ്ജിത്തിനെ പരിചയമുണ്ടെന്ന് പറഞ്ഞു.
രഞ്ജിത്ത് ശ്രീലങ്കൻ പശ്ചാത്തലമുള്ളയാളാണ്.
നിലവിൽ ഫ്രാൻസ്, യുകെ എന്നിവിടങ്ങളിലായാണ് താമസിക്കുന്നത്. രഞ്ജിത്തിന് പുലിപ്പല്ല് എവിടെ നിന്ന് കിട്ടിയെന്ന് അന്വേഷിക്കും. റിമാൻഡിനുശേഷം വേടനെ രണ്ടു ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെടും. മൃഗവേട്ട അടക്കമുള്ള വകുപ്പ് ചുമത്തിയിട്ടുണ്ട്. 2024 ജൂൺ, ജൂലൈ മാസങ്ങളിൽ വേടനും രഞ്ജിത്തും തമ്മിൽ സംസാരിച്ചിട്ടുണ്ട്.
ചെന്നൈയിൽ ഒരു മ്യൂസിക് പ്രോഗ്രാമിന് ഇടയിലാണ് പുലി പല്ല് വേടന് സമ്മാനമായി നൽകിയത്. എന്നാൽ, സമ്മാനം ലഭിക്കുമ്പോൾ ഇത് യഥാർത്ഥ പുലിപ്പല്ലാണെന്ന് വേടന് അറിയില്ലായിരുന്നു. പ്രാഥമിക പരിശോധനയിൽ യഥാർത്ഥ പുലിപ്പല്ല് ആണിതെന്ന് വനംവകുപ്പിന് ബോധ്യപ്പെട്ടു. വേടന്‍റെ ഫ്ലാറ്റിലും പുലിപ്പല്ല് രൂപമാറ്റം വരുത്തിയ തൃശ്ശൂരിലെ ജ്വല്ലറിയിലും പരിശോധന നടത്തും. രഞ്ജിത്ത് കുമ്പിടിയെ ഇതുവരെ വനം വകുപ്പിന് ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും ആര്‍ അഥീഷ് പറഞ്ഞു.
Rapper caught with ganja, tiger tooth found in hunter's necklace; Arrested again, charged with animal cruelty