(www.thalasserynews.in)പാകിസ്ഥാന്‍റെ ദേശീയ പതാകകളും അനുബന്ധ ഉല്‍പ്പന്നങ്ങളും വില്‍പന നടത്തുന്നതിന് പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) നോട്ടീസ് അയച്ചു. ആമസോണ്‍ ഇന്ത്യ, ഫ്ലിപ്കാര്‍ട്ട്, യുബൈ ഇന്ത്യ, എറ്റ്സി, ദി ഫ്ലാഗ് കമ്പനി, ദി ഫ്ലാഗ് കോര്‍പ്പറേഷന്‍ എന്നിവയ്ക്കെതിരെയാണ് നടപടി. ഇവ വില്‍പന പട്ടികയില്‍ നിന്നും ഉടന്‍ നീക്കം ചെയ്യാന്‍ പ്ലാറ്റ്ഫോമുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു.

ഇത് നീതീകരിക്കാനാവാത്തതാണെന്നും ദേശീയ വികാരത്തിന് എതിരാണെന്നും മന്ത്രി എക്സില്‍ കുറിച്ചു.
ഓണ്‍ലൈന്‍ വില്‍പ്പനക്കാര്‍ ഇന്ത്യന്‍ നിയമങ്ങള്‍ പാലിച്ച് മാത്രമേ വ്യാപാരം നടത്താവൂ എന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പാകിസ്ഥാന്‍റെ ദേശീയ ചിഹ്നങ്ങളുള്ള പതാകകളും അനുബന്ധ വസ്തുക്കളും ഈ പ്ലാറ്റ്ഫോമുകളില്‍ വില്‍പ്പനയ്ക്ക് ലഭ്യമായിരുന്നു.
ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമുള്ള ഭീകര ക്യാമ്പുകളില്‍ ഇന്ത്യ നടത്തിയ സൈനിക നടപടിയായ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെയാണ് സിസിപിഎയുടെ നടപടി. നേരത്തെ പാകിസ്ഥാന്‍റെ ദേശീയ ചിഹ്നങ്ങളുള്ള വസ്തുക്കളുടെ ഓണ്‍ലൈന്‍ വില്‍പ്പന നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) വാണിജ്യ മന്ത്രി പിയൂഷ് ഗോയലിനും ഉപഭോക്തൃ കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിക്കും കത്തെഴുതിയിരുന്നു.
ഇന്ത്യന്‍ സൈനികര്‍ ജീവന്‍ പണയം വെച്ച് പോരാടുമ്പോള്‍ ഇത്തരം വസ്തുക്കള്‍ വില്‍ക്കുന്നത് 'അങ്ങേയറ്റം അസ്വസ്ഥത ജനിപ്പിക്കുന്നതാണെന്നും ഇത് ദേശീയ വികാരത്തെയും സായുധ സേനയെയും അപമാനിക്കുന്നതിന് തുല്യമാണെന്നും സിഎഐടി അഭിപ്രായപ്പെട്ടു.
നേരത്തെ, ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്, മറ്റ് 11 ഡിജിറ്റല്‍ കമ്പനികള്‍ എന്നിവയ്ക്ക് വാക്കി-ടോക്കികളുടെ നിയമവിരുദ്ധമായ വില്‍പ്പനയുമായി ബന്ധപ്പെട്ട് സിസിപിഎ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പ്ലാറ്റ്ഫോം സജീവമായി ഇടപെടുന്നുണ്ടെന്ന് ആമസോണ്‍ വക്താവ് അറിയിച്ചു.
പ്രോപ്പര്‍ ഫ്രീക്വന്‍സി ഡിസ്ക്ലോഷര്‍, ലൈസന്‍സിംഗ് വിവരങ്ങള്‍, അല്ലെങ്കില്‍ എക്വിപ്മെന്‍റ് ടൈപ്പ് അപ്രൂവല്‍ (ഇടിഎ) ഇല്ലാത്ത വാക്കി-ടോക്കികളുടെ വില്‍പ്പനയാണ് പ്രധാനമായും നടപടിക്ക് കാരണം. ഇത് 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്‍റെ ലംഘനമാണ്.
Don't sell any products with Pakistani logo; Center issues strong warning to Amazon, Flipkart