---
title: "സർക്കാർ കൈയ്യൊഴിഞ്ഞു ; പെരിങ്ങത്തൂരിലും, തലശേരിയിലും ജനകീയ  സുഭിക്ഷ ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ"
english_title: "Government has given up; Janakiya Subhiksha hotels in Peringathur and Thalassery are under threat of closure"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/295477/government-has-given-up-janakiya-subhiksha-hotels-in-peringathur-and-thalassery-are-under-threat-of-closure"
published_at: "2025-06-10T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6848376e492cf_Untitled-1_copy.jpg"
keywords: []
---

# സർക്കാർ കൈയ്യൊഴിഞ്ഞു ; പെരിങ്ങത്തൂരിലും, തലശേരിയിലും ജനകീയ  സുഭിക്ഷ ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

> **Lead Summary:** തലശേരി: കണ്ണൂർ ജില്ലയിൽ ഭക്ഷ്യവകുപ്പ് വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സുഭിക്ഷ ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. പെരിങ്ങത്തൂരിലും, തലശേരിയിലുമുള്ള സുഭിക്ഷ ഹോട്ടലുകളാണ് ഏത് സമയവും അടച്ചുപൂട്ടുമെന്ന അവസ്ഥ നേരിടുന്നത്.

## Article Content

തലശേരി: കണ്ണൂർ ജില്ലയിൽ ഭക്ഷ്യവകുപ്പ് വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സുഭിക്ഷ ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. പെരിങ്ങത്തൂരിലും, തലശേരിയിലുമുള്ള സുഭിക്ഷ ഹോട്ടലുകളാണ് ഏത് സമയവും അടച്ചുപൂട്ടുമെന്ന അവസ്ഥ നേരിടുന്നത്.

കഴിഞ്ഞ ഡിസംബർ മുതൽ അരിക്ക് സബ്സിഡി ഒന്നും തന്നെ ലഭിക്കാത്തതാണ് സുഭിക്ഷക്ക് വിനയായത്. ഭക്ഷ്യവകുപ്പ് അനുകൂല സമീപനം സ്വീകരിക്കുമ്പോഴും, ധനവകുപ്പ് ഉടക്കുവയ്ക്കുന്നതാണ് സാധാരണക്കാർക്ക് ഏറെ ആശ്രയിക്കുന്ന സുഭിക്ഷക്ക് താഴ് വീഴാൻ കാരണമെന്ന ആക്ഷേപം ശക്തമാണ്.

വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് കണ്ണൂർ ജില്ലയിൽ സുഭിക്ഷ ഹോട്ടലുകൾ ആരംഭിച്ചത്. ആദ്യം പെരിങ്ങത്തൂരിലും, പിന്നീട് കണ്ണൂരിലും, ഒടുവിലായി തലശേരിയിലുമാണ് സുഭിക്ഷ ആരംഭിച്ചത്. ഭക്ഷ്യമന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്ത ഹോട്ടലുകളിൽ ദിനം പ്രതി 500 ഓളം പേരാണ് ഭക്ഷണം കഴിക്കാനെത്തുന്നത്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്നവർക്ക് ഏറെ ആശ്വാസകരമാണ് സുഭിക്ഷ ഹോട്ടലെന്ന് ഭക്ഷണം കഴിക്കാനെത്തുന്നവർ ഏകസ്വരത്തിൽ പറയുന്നു. നാട്ടുകാരുടെ വിശപ്പകറ്റുന്നു ണ്ടെങ്കിലും സുഭിക്ഷ ഹോട്ടലുകൾ സർക്കാർ കനിയാത്തതിനാൽ അടച്ചു പൂട്ടൽ ഭീഷണിയിലാണ്.

ഹോട്ടലൊന്നിന് മാസം ആറ് ക്വിൻ്റൽ അരിയാണ് കിലോക്ക് 10.90 രൂപ നിരക്കിൽ നൽകിയിരുന്നത്. ഇക്കഴിഞ്ഞ ഡിസംബറിന് ശേഷം സപ്ലൈകോയിൽ നിന്ന് അരി ലഭിക്കുന്നുമില്ല. സിവിൽ സപ്ലൈസ് കമ്മിഷണറേറ്റിൽ നിന്ന് റേഷൻ കൊടുക്കാനുള്ള ഉത്തരവ് കിട്ടിയിട്ടില്ലെന്നാണ് ജില്ലാ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പറയുന്നത്. ഹോട്ടലുകൾ നിലനിർത്തി പോകേണ്ടതിനാൽ കിലോവിന് 41 രൂപക്കുള്ള അരി പൊതു വിപണിയിൽ നിന്ന് വാങ്ങിയാണ് 20 രൂപക്ക് ഊൺ സുഭിക്ഷയിൽ വിൽക്കുന്നതെന്നും ഇങ്ങനെ എത്രകാലം മുന്നോട്ടു പോകാനാകുമെന്നും ഹോട്ടൽ ഭാരവാഹികളും ചോദിക്കുന്നു. ജനകീയ ഹോട്ടലുകൾക്ക് ഊൺ വില 30 രൂപയാക്കി വർധിപ്പിച്ചപ്പോൾ സുഭിക്ഷ ഹോട്ടലുകൾക്ക് വില വർധിപ്പിക്കാനൊ കരാർ പുതുക്കാനൊ സർക്കാർ അനുവദിക്കുന്നില്ല. കെട്ടിട വാടക, വെള്ളം, വൈദ്യുതി ബില്ല് എന്നിവക്കും ഒരിളവും സർക്കാർ നൽകുന്നില്ല. അരിക്കു പുറമെ പച്ചക്കറി, പാചകവാതകം, മീൻ, ഇറച്ചി വിലവർധനയും സുഭിക്ഷക്ക് ഇരട്ട പ്രഹരമായി. ഇതോടെ തുച്ഛമായ ലാഭത്തിലാണ് പല സുഭിക്ഷ ഹോട്ടലുകളുടെയും പ്രവർത്തനം. ശമ്പളമില്ലാതെ പണിയെടുക്കുന്നവരുമുണ്ട് ഇക്കൂട്ടത്തിൽ. ഭക്ഷ്യവകുപ്പ് അനുകൂല നിലപാടാണെങ്കിലും ധനവകുപ്പിൻ്റെ ഉടക്കാണ് സുഭിക്ഷക്ക് വിലങ്ങുതടിയാകുന്നതെന്ന ആക്ഷേപം. ഫലത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നിൽക്കെ സുഭിക്ഷ ഹോട്ടലുകൾ പൂട്ടുന്നത് സർക്കാരിനെ സാരമായി ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/295477/government-has-given-up-janakiya-subhiksha-hotels-in-peringathur-and-thalassery-are-under-threat-of-closure)