Oct 4, 2023 02:42 PM

വടകര: (www.thalasserynews.in)  ഇവിടെ ജീവിതവും മരണവും പാഠപുസ്തകമായി മാറുകയാണ്. തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്ന കാർത്ത്യായനി ടീച്ചർ ഇനി മരണ ശേഷവും വിദ്യാർത്ഥികളിലേക്ക് .

സ്വാഭാവികമല്ലാത്ത മറ്റൊരു മാതൃക കയാണ് പരേതനായ 'പണ്ഡിതരത്നം' പി ഗോവിന്ദമാരാർ മാസ്റ്ററുടെ സഹധർമ്മിണിയും വട്ടോളി സംസ്കൃതം ഹൈസ്കൂൾ റിട്ട. അധ്യാപികയുമായ കെ കാർത്ത്യായനി ടീച്ചറുടെ മരണം നമ്മുടെ മുന്നിൽ വയ്‌ക്കുന്നുണ്ട്. മരണശേഷം, ചാരമായോ പുഴുവരിച്ചോ മണ്ണിൽ ചേരേണ്ട തന്റെ മൃതശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാനായി വിട്ടു നൽകുന്നു.

ഇതാദ്യമായൊന്നുമല്ല ഒരാൾ മൃതദേഹം പഠനാവശ്യത്തിന് നൽകുന്നത്. എന്നാൽ മലബാറിൽ ഒരുപക്ഷെ അപൂർവയായാണ് ഒരു സ്ത്രീ ഇത്തരത്തിൽ ശരീരം പഠനത്തിനായി ദാനം ചെയ്തിട്ടുണ്ടാവുക. മരണാനന്തര അവയവദാനം പോലെ തന്നെ പ്രോത്സാഹിപ്പിക്കേണ്ടതും പ്രകീർത്തിക്കപ്പെടേണ്ടതുമായ ഒന്നാണ് മരണാനന്തര ശരീരദാനവും .

2010 ൽ ബന്ധുക്കൾ എല്ലാം ഒത്തു ചേർന്ന കുടുംബസംഗമത്തിലാണ് ഇങ്ങനെ ഒരു തീരുമാനം ഇവർ എടുത്തത്. സംഗമത്തിൽ ഇവരുടെ മകനും ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്കൂളിലെ പ്രിൻസിപ്പലുമായിരുന്ന രാജ്‌കുമാർ, ഞാൻ മരിച്ചാൽ തന്റെ മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാനായി കൈമാറണം എന്ന തീരുമാനം പറയുകയുണ്ടായി. അത് കേട്ടപ്പോൾ 'അമ്മ പറഞ്ഞു' ആദ്യത്തെ മരണം എന്റേതല്ലേ അപ്പോൾ എന്റെ മൃതദേഹം വേണ്ടേ ആദ്യം കൊടുക്കാൻ . അതിനു വേണ്ടി എന്താണ് ഞാൻ ചെയ്യേണ്ടത് എന്നായിരുന്നു അവരുടെ ചോദ്യം.

അതിനാകെ വേണ്ടത്, "ജീവിച്ചിരിക്കുമ്പോഴേ അതിനുള്ള ആഗ്രഹവും സമ്മതവും വേണ്ടപ്പെട്ടവരെ അറിയിക്കുക എന്നതാണ്." അമ്മയുടെ ആഗ്രഹം,പോലെ സമ്മതപത്രമായി ഒരു 200 രൂപ സ്റ്റാമ്പ് പേപ്പറിൽ എഴുതി വെച്ചു. ഒടുവിൽ പ്രവീണാലയം കെ കാർത്ത്യായനി ടീച്ചർ ലോകത്തോട് വിട പറഞ്ഞു, മൃതദേഹം ഇന്ന് രാവിലെ ഒമ്പതിന് കീർത്തി മുദ്ര തിയേറ്ററിനു സമീപമുള്ള മകളുടെ വീടായ മധുവീണയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേത്ത് കൊണ്ടുപോയി. വടകരയിലെ വീടായ മധുവീണയിൽ നൂറു കണക്കിന് ആളുകളാണ് ഇന്നലെയും ഇന്നുമായി അധ്യാപികയെ കാണാനായി ഒഴുകിയെത്തുന്നത്. ശിഷ്യൻമാരും സുഹൃത്തുക്കളുമടക്കം നിരവധി പേരെത്തി .

അവരെല്ലാവരും സ്നേഹം പങ്കു വയ്ക്കുകയും അനുശോചനം അറിയിച്ചും മടങ്ങുകയുമാണ്. മരണവീടിന്റെ പ്രതീതി ആ വീട്ടിൽ കാണാൻ കഴിഞ്ഞില്ല, എല്ലാവരും വളരെ അഭിമാനത്തോടെ ആ അധ്യാപികയെ കണ്ട് മടങ്ങി. വിശ്വാസത്തിന്റെയോ, മരണാനന്തര ചടങ്ങുകളോ അവിടെ പ്രാധാന്യമില്ലായിരുന്നു. പ്രയത്തിന്റെ അവശതകൾ മറന്ന് അടുത്തിടെ കുടുംബത്തോടപ്പം കാശ്മീർ സന്ദർശിച്ച് മനോഹര ദൃശ്യങ്ങൾ ടീച്ചർ ആസ്വദിച്ചു. ജീവിത ദൗത്യം പൂർത്തിയാക്കി ആ അദ്ധ്യാപിക ഒരു തീനാളത്തിലേക്കോ മണ്ണിലേക്കോ ഒടുങ്ങാൻ അല്ല മുങ്ങിയത്. മൃതദേഹത്തിൽ ആദ്യമായി കത്തി വച്ചു പഠിച്ചുവന്ന ഡോക്ടർമാർക്കു പോലും ഈ ചിന്തകൾ അപൂർവ്വമായേ ഉണ്ടാവുന്നുള്ളൂ എന്നിടത്ത് ഈ വാർത്ത ഏറെ ശ്രദ്ധേയമാണ്.

മണ്ണിലലിഞ്ഞും ചാരമായും ആർക്കും ഗുണമില്ലാതെ പോകുന്നതിലും എത്രയോ നല്ലതാണ്, കുറേയധികം വിദ്യാർത്ഥികൾക്ക് ഗുരുവാകുന്നത് എന്ന് ഈ അദ്ധ്യാപിക ചിന്തിച്ചിട്ടുണ്ടാവാം. ഗുരുവെന്ന് വച്ചാൽ, ശരിക്കും ഗുരു തന്നെ. മരിച്ചവർ ജീവിച്ചിരിക്കുന്നവരെ പഠിപ്പിക്കുന്ന സ്ഥലമാണ് മെഡിക്കൽ കോളേജിലെ അനാട്ടമി, ഫോറൻസിക് ഡിപ്പാർട്ട്മെന്റുകൾ.

ആ അമ്മയുടെ ആഗ്രഹവും ഏതാണ്ടിതുപോലെ ആണ്. വെറുതെ കത്തിച്ചോ കുഴിച്ചിട്ടോ മണ്ണിൽ ചേർക്കരുത്. മക്കളോടും അടുത്ത സുഹൃത്തുക്കളോടും ഇതൊക്കെ പറഞ്ഞേൽപ്പിച്ചിട്ടുമുണ്ട്. ജനിച്ചാൽ ഒരിക്കൽ നമ്മളെല്ലാം മരിക്കും. ഒന്ന് മനസിരുത്തി ചിന്തിച്ചാൽ ഇതൊക്കെ ആർക്കും ചെയ്യാവുന്ന നിസാരകാര്യങ്ങളാണ്.

അങ്ങനെ ചെയ്യുമ്പോൾ, ഈ അമ്മയെപ്പോലെ ഈ അധ്യാപികയെപോലെ നമ്മുടെ ആ മരണം ഒരു മാതൃകയാവും. മൃതശരീരം ഗുരുവും. കെ കാർത്ത്യായനി ടീച്ചറുടെ കുടുംബം ഇങ്ങനെ മക്കൾ: വേണു കക്കട്ടിൽ (റിട്ട. പ്രധാനാധ്യാപകൻ കെആർഎച്ച്എസ് പുറമേരി, സിപിഐ എം വടകര ടൗൺ ലോക്കൽ കമ്മിറ്റി അംഗം, അൺ എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് യൂണിയൻ സംസ്ഥാന ജന. സെക്രട്ടറി, സിഐടിയു ഏരിയ പ്രസിഡന്റ്, ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്), പി വിജയകുമാർ (റിട്ട. അധ്യാപകൻ വട്ടോളി നാഷണൽ എച്ച്എസ്എസ്), പി രാജ് കുമാർ (റിട്ട. പ്രിൻസിപ്പാൾ ഇരിങ്ങണ്ണൂർ എച്ച്എസ്എസ്), പി പ്രവീണ (അധ്യാപിക ഇരിങ്ങണ്ണൂർ എച്ച്എസ്എസ്). മരുമക്കൾ: രത്നവല്ലി (റിട്ട. പിഎഫ് ഓഫീസ് കണ്ണൂർ), പി മധുസൂദനൻ (റിട്ട. സെക്ഷൻ ഓഫീസർ കാലിക്കറ്റ് യൂണിവേഴ്സിറ്റി), പ്രീത മഠത്തിൽ, പേരാവൂർ ), എം രേഖ (തഹസിൽദാർ എൽഎ എൻഎച്ച്, വടകര). സഹോദരി: ഗംഗാദേവി ടീച്ചർ (റിട്ട. അധ്യാപിക മാടായി കണ്ണൂർ ).

#Life and k;Karthyaani teacher who shed light of #letters to #students even after his #death

Next TV

Top Stories