പാനൂർ: അക്രമ രാഷ്ട്രീയത്തിനെതിരെ ജനവികാരമുയർത്തി യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിൻ്റെ കൂത്തുപറമ്പ് നിയോജക മണ്ഡലം പര്യടനം. വഴികളിൽ ഉടനീളം അസഹിഷ്ണുതയുടെ രാഷ്ട്രീയത്തിന് എതിരെ ഐക്യദാർഢ്യവുമായി ആളുകൾ ഒത്തുകൂടി. ആശയ വൈവിധ്യം സൂക്ഷിക്കുന്നവരെ വകവരുത്തുന്ന ചിലരുടെ പ്രാകൃത നിലപാടിനെതിരെ യോഗങ്ങളിൽ ജനരോഷമുയർന്നു.

സമാധാനത്തിൻ്റെ രാഷ്ട്രീയ സന്ദേശവുമായി എത്തിയ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ആൾക്കൂട്ടം നെഞ്ചോടു ചേർത്തു. കഠാരയുടെ രാഷ്ട്രീയത്തെ മണ്ഡലത്തിന് പുറത്തുകടത്താനും സമാധാനത്തിൻ്റെ വഴികൾ സ്വീകരിക്കാനും സ്ഥാനാർഥി ജനങ്ങളോട് ആഹ്വാനം ചെയ്തു. ഇനിയൊരു കുടുംബത്തിലും വിധ്വംസക രാഷ്ട്രീയത്തിൻ്റെ പേരിൽ കണ്ണീർ വീഴരുതെന്ന ആഹ്വാനത്തെ കരഘോഷം മുഴക്കിയാണ് നാട്ടുകാർ സ്വീകരിച്ചത്.
വെള്ളിയാഴ്ച നിർമാണത്തിനിടെ ബോംബ് പൊട്ടി സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട പാനൂരിൻ്റെ സമീപ പ്രദേശങ്ങളിലെല്ലാം സമാധാനത്തിൻ്റെ സന്ദേശവുമായി സ്ഥാനാർഥി എത്തി. പാനൂരിൽ രാവിലെ നടന്ന സമാധാന സന്ദേശ യാത്രയ്ക്കു ശേഷം മുത്താറി പീടിക പരിസരത്തു നിന്നാണ് കൂത്തുപറമ്പ് നിയോജക മണ്ഡലം പര്യടനത്തിനു തുടക്കായത്. കടേപ്രം തെരു, ഈസ്റ്റ് വള്ള്യായി, കുന്നിനുതാഴെ വരെ രാവിലെ പര്യടനം പൂർത്തിയാക്കി.
തുടർന്ന് ചീരാറ്റ, മുതിയങ്ങ വഴി പുതിയതെരുവിൽ വിശ്രമശേഷം കൊട്ടയോടി, പൂക്കോട്, ഓലായിക്കര, കൂവപ്പാടി, കിണവക്കൽ, ആമ്പിലാട് മാങ്കിമുക്കിൽ എത്തി. ശേഷം വഴിയിലുടനീളം കാത്തു നിന്നവരോട് സംസാരിച്ചും ചിത്രങ്ങളെടുത്തും പന്നിയോറ, തൊക്കിലങ്ങാടി, മാറോളി ഘട്ട് വഴി മൂര്യാട് പള്ളി വരെ സന്ദർശനം നടത്തി. കണ്ണാടിച്ചാൽ, കല്ലുവളപ്പ്, എലിക്കുന്ന്, മീത്തലെ കുന്നോത്ത് പറമ്പ് വഴി രാത്രിയോടെ പര്യടനം ഈസ്റ്റ് ചെണ്ടയാടിൽ സമാപിച്ചു.
Shafi Parampil with a message of peace