---
title: "അട്ടപ്പാടിയിലെ 'കാർത്തുമ്പി കുടകൾ' മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി ; നാരീശക്തിയിലൂടെ സമൂഹം അഭിവൃദ്ധിപ്പെടുന്നതിന് ഉദാഹരണമെന്നും മോദി"
english_title: "PM mentions 'Karthumpi umbrellas' in Attapadi in Man Ki Baat;Modi is also an example of the prosperity of the society through women's power"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/216278/pm-mentions-karthumpi-umbrellas-in-attapadi-in-man-ki-baatmodi-is-also-an-example-of-the-prosperity-of-the-society-through-womens-power"
published_at: "2024-06-30T18:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6681580aed42c_Untitled-3_copy.jpg"
keywords: []
---

# അട്ടപ്പാടിയിലെ 'കാർത്തുമ്പി കുടകൾ' മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി ; നാരീശക്തിയിലൂടെ സമൂഹം അഭിവൃദ്ധിപ്പെടുന്നതിന് ഉദാഹരണമെന്നും മോദി

> **Lead Summary:** ** **അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന 'കാർത്തുമ്പി കുടകളെ' മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ കരവിരുതലിൽ തയ്യാറാക്കുന്ന കുടകൾക്ക് രാജ്യമൊട്ടാകെ ആവശ്യമേറുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

## Article Content

** **അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന 'കാർത്തുമ്പി കുടകളെ' മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ കരവിരുതലിൽ തയ്യാറാക്കുന്ന കുടകൾക്ക് രാജ്യമൊട്ടാകെ ആവശ്യമേറുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

വട്ടലക്കി സഹകരണ അഗ്രികൾചറൽ സൊസൈറ്റിയുടെ മേൽനോട്ടത്തിൽ സ്ത്രീകളാണ് കുട നിർമ്മിക്കുന്നത്. നാരീശക്തിയിലൂടെയാണ് സമൂഹം അഭിവൃദ്ധിപ്പെടുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ശിശു മരണത്തെ തുടർന്ന് 2014-ലാണ് തമ്പ് വനവാസി കൂട്ടായ്‌മ കാർത്തുമ്പി കുടകളുടെ നിർമാണം ആരംഭിച്ചത്.

ഗോത്ര ജനതയുടെ അതിജീവന പ്രതിസന്ധി മറിക്കടക്കുകയായിരുന്നു ലക്ഷ്യം. ഏകദേശം മുന്നൂറോളം സ്ത്രീകളാണ് കുട നിർമാണത്തിൽ പരിശീലനം നേടിയത്. ആദ്യ വർഷം 300 കുടകളാണ് നിർമ്മിച്ചിരുന്നതെങ്കിൽ ഇപ്പോൾ നിരവധി കുടകളാണ് നിർമിക്കുന്നത്. കേരള സ്‌റ്റൈൽ എന്നറിയപ്പെടുന്ന ആറ് നിറങ്ങളിലുള്ള ത്രീ ഫോൾഡ് കുടകളാണ് പ്രധാനമായും നിർമിക്കുന്നത്. ഇതിന് പുറമേ ആന്ധ്ര പ്രദേശിൽ നിന്നുള്ള അരക്ക് കോഫിയും പ്രധാനമന്ത്രി പരാമർശിച്ചു.

ഇന്ത്യയിലെ ഗ്രാമങ്ങളിലെ ഉത്പന്നങ്ങളും കാർഷിക വിളകളുമാണ് ഇന്ന് ലോകോത്തര നിലവാരത്തിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ സംസ്‌കാരത്തിന് നിറം പകരുന്ന കുവൈത്ത് റേഡിയോയെ കുറിച്ചും പ്രധാനമന്ത്രി 111-ാം പതിപ്പിൽ പ്രശംസിച്ചു.

ഹിന്ദിയിൽ പ്രത്യേക റേഡിയോ പരിപാടികളാണ് കുവൈത്ത് ഭരണകൂടം ആരംഭിച്ചിരിക്കുന്നത്. എല്ലാ ഞായറാഴ്ച‌കളിലും ഇത് 'കുവൈറ്റ് റേഡിയോ'യിൽ അരമണിക്കൂറോളം പ്രക്ഷേപണം ചെയ്യുന്നു. ഇന്ത്യൻ സിനിമകളെ കുറിച്ചും കലകളെ കുറിച്ചും സമൂഹത്തിന് വെളിച്ചം പകരാൻ പരിപാടിക്ക് സാധിക്കുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/216278/pm-mentions-karthumpi-umbrellas-in-attapadi-in-man-ki-baatmodi-is-also-an-example-of-the-prosperity-of-the-society-through-womens-power)