(www.thalasserynews.in) കൂത്തുപറമ്പ് സമരനായകനായിരുന്ന പുഷ്പന്‍റെ മരണത്തിന് പിന്നാലെ അദ്ദേഹത്തെ അപകീർത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റിട്ട പൊലീസ് ഉദ്യോഗസ്ഥന് എതിരെ നടപടി. കോതമംഗലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ആയ കെ.എസ് ഹരിപ്രസാദിനെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്.
ഹരിപ്രസാദിന്റെ നടപടി കടുത്ത അച്ചടക്കലംഘനമാണെന്നും പൊലീസ് സേനയുടെ അന്തസ്സിന് കളങ്കം വരുത്തുന്നതാണെന്നും വിലയിരുത്തിയാണ് നടപടി. എറണാകുളം റേഞ്ച് ഡിഐജിയാണ് നടപടിയെടുത്തത്. ഹരിപ്രസാദിന് എതിരെ അന്വേഷണത്തിന് എറണാകുളം നാർക്കോട്ടിക് സെൽ ഡെപ്യൂട്ടി സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. പുഷ്പന്റെ മരണത്തിൽ സന്തോഷിക്കണമെന്ന് തുടങ്ങുന്നതായിരുന്നു ഹരിപ്രസാദിന്റെ പോസ്റ്റ്. അതേസമയം അന്തരിച്ച സിപിഎം പ്രവർത്തകനും കൂത്തുപറമ്പ് സമരനായകനുമായ പുഷ്പന് നാട് യാത്രാമൊഴിയേകി. തലശ്ശേരി ടൌൺ
ഹാളിലെയും ചൊക്ലിയിലെ രാമ വിലാസം ഹയർ സെക്കൻഡറി സ്കൂളിലെയും പൊതുദർശനത്തിന് ശേഷം മേനപ്രത്തെ വീടിന് സമീപം ഭൌതിക ശരീരം സംസ്കരിച്ചു. കൂത്ത് പറമ്പ് വെടിവെപ്പിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പനെ ഒരുനോക്ക് കാണാൻ നൂറുകണക്കിന് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തരാണ് ഇന്നലെ മുതൽ കണ്ണൂരിലേക്ക് ഒഴുകിയെത്തിയത്.
രാഷ്ട്രീയ എതിരാളികളുടെ ആക്രമണങ്ങള്‍ക്കിരകളായി ജീവിതം തകര്‍ന്നവര്‍ ഏറെയുണ്ടെങ്കിലും ജീവിക്കുന്ന രക്തസാക്ഷിയെന്ന വിശേഷണം പുഷ്പനോളം ചേരുന്നവര്‍ സിപിഎമ്മില്‍ വിരളമായിരുന്നു. പുഷ്പന്‍റെ ചരിത്രം പാര്‍ട്ടിക്കാര്‍ക്ക് ആവേശമായെങ്കിലും ആ രണഗാഥയ്ക്കാധാരമായ വിഷയത്തില്‍ നിന്ന് പാര്‍ട്ടി പിന്നോട്ട് പോകുന്നതിനും പഷ്പന്‍ സാക്ഷിയായി. അപ്പോഴും ഒരു എതിര്‍ശബ്ദവും ഉയര്‍ത്താതെ പാര്‍ട്ടിക്കൊപ്പം അടിയുറച്ച് നില്‍ക്കുകയായിരുന്നു പുഷ്പന്‍.
Facebook post defaming Pushpan after his death; The police officer was suspended