(www.thalasserynews.in) പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് നിലമ്പൂർ എംഎൽഎ പി വി അൻവർ. തന്റെ ഇപ്പോഴത്തെ പോരാട്ടം രാഷ്ട്രീയ പാർട്ടിയായി മാറും.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും മത്സരിക്കും. യുവാക്കളുടെ പിന്തുണ ലഭിക്കും.
പരിപൂർണ്ണ മതേതര സ്വഭാവവുമുള്ള പാർട്ടി ആയിരിക്കും രൂപീകരിക്കുകയെന്നും അൻവർ വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടി അല്ലാതെ സാമൂഹ്യ സംഘനകൾ കൊണ്ട് കാര്യമില്ല. ഒരു ഹിന്ദു പാർട്ടി വിട്ടാൽ അവനെ സംഘി ആക്കും, ഒരു മുസ്‌ലിം പാർട്ടി വിട്ടാൽ അവനെ സുഡാപ്പിയാക്കുമെന്നും സിപിഐഎമ്മിനെതിരെ അൻവർ പറഞ്ഞു.
ആരും ഇല്ലെങ്കിലും ഒറ്റയ്ക്ക് ആണേലും കാര്യം പറയും. അടുത്തതായി വന്യമൃഗ ശല്യ വിഷയം ഏറ്റെടുക്കും. വനം വകുപ്പിന് കീഴിൽ വലിയ ഗൂഡാലോചനയാണ് നടക്കുന്നത്. പലതും തുറന്ന് പറയും. തന്നെ പുറത്താക്കിയത് തന്റെ വിഷയം പറഞ്ഞിട്ടില്ല, ജനങ്ങളുടെ വിഷയം പറഞ്ഞിട്ടാണെന്നും പി വി അൻവർ ആരോപിച്ചു. ഇടതുമുന്നണിയുടെ ഭാഗമായിരുന്ന പി വി അൻവർ എന്നാൽ അഭിപ്രായഭിന്നതകളെ തുടർന്ന് സിപിഐഎം ബന്ധം ഉപേക്ഷിച്ചാണ് പുതിയ പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്.
സിപിഐഎമ്മിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ചാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം അൻവർ രംഗത്തെത്തിയത്. ഇന്നും മുഖ്യമന്ത്രിക്കെതിരെ അൻവർ ആരോപണം ഉന്നയിച്ചു. ദ ഹിന്ദുവിലെ വിവാദ അഭിമുഖം ഗൂഢാലോചനയാണെന്നാണ് അൻവർ ആരോപിക്കുന്നത്. മുസ്‌ലിം ഭൂരിപക്ഷമുള്ള ജില്ല ദേശദ്രോഹികളുടെ നാടാണ് എന്ന് വരുത്തി തീർക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് അൻവർ കുറ്റപ്പെടുത്തി.
Anwar announces new party amid controversies; Will contest in panchayat elections