(www.thalasserynews.in)പിവി അൻവർ എംഎൽഎയെ തള്ളി കെടി ജലീൽ. അൻവറിന്റെ രാഷ്ട്രീയ പാർട്ടിയിലേക്ക് ഇല്ലെന്നും വിയോജിപ്പ് അദ്ദേഹത്തെ അറിയിക്കുമെന്നും കെടി ജലീൽ മാധ്യമങ്ങളോട് പറഞ്ഞു.
സിപിഎം സഹയാത്രികനായി തുടർന്നും സഹകരിക്കും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെയും, സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇഎൻ മോഹൻദാസിനെതിരെയും അൻവർ ഉന്നയിച്ച ആരോപണങ്ങളോട് യോജിപ്പില്ലെന്നും ജലീൽ പറഞ്ഞു. പിവി അൻവറുമായുള്ള സൗഹൃദം നിലനിൽക്കും.
പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയ വീക്ഷണങ്ങളോട്, രാഷ്ട്രീയപാർട്ടി ഉണ്ടാക്കാൻ അദ്ദേഹം ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിനോട് ശക്തമായി വിയോജിക്കും. ഇടതുമുന്നണിയിൽ ഉറച്ചുനിൽക്കുകയും പൊതുപ്രവർത്തനം തുടരുകയും ചെയ്യും. സിപിഎമ്മിന്റെ സഹയാത്രികനായ ഇഎൻ മോഹൻദാസിനെ സംബന്ധിച്ച് അൻവർ പറഞ്ഞ കാര്യം എതിരാളികൾ പോലും ഉന്നയിക്കാത്തതാണ്. മറ്റെന്തെങ്കിലും രാഷ്ട്രീയ വിമർശനം അദ്ദേഹത്തിനെതിരെ ഉണ്ടായേക്കാം. അദ്ദേഹം ആർഎസ്എസ് കാരനാണെന്ന നിലയിൽ പറയാൻ എനിക്ക് കഴിയില്ല.
ശശിയുടെ ആർഎസ്എസ് ബന്ധത്തോടും തനിക്ക് യോജിക്കാനാവില്ല. വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയും സിപിഎമ്മിനെയും തള്ളിപ്പറയില്ല'- ജലീൽ പറഞ്ഞു.
സമീപകാലത്ത് ഉയർന്നുവന്ന രാഷ്ട്രീയ പ്രശ്‌നങ്ങളിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പി.വി അൻവർ പൊലീസ് സേനയെകുറിച്ച് പറഞ്ഞ ചില കാര്യങ്ങളിൽ ശരികൾ ഉണ്ടെന്ന് താൻ ഫെയ്‌സ്ബുക്കിൽ കുറിച്ചിരുന്നു. പക്ഷേ,പൊലീസ് സേനയിൽ മൊത്തം പ്രശ്നമുണ്ടെന്ന് അൻവർ പറഞ്ഞിട്ടില്ല.
താൻ അഭിപ്രായവും വിമർശനവും പറയും. എന്നാൽ അൻവറിനെ സഹായിക്കുന്ന നിലപാട് എടുത്തിട്ടില്ലെന്നും ജലീൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
എഡിജിപിയെ പൂർണ്ണമായി തന്നെ മാറ്റണമെന്നും അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തുവരുമെന്നും ജലീൽ പറഞ്ഞു. സുജിത് ദാസിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടായിരുന്നു. അതാണ് നടപടി എടുത്തത്.
എഡിജിപി, ആർഎസ്എസ് നേതാവിനെ കാണാൻ പാടില്ല. അതിനെ ആരും ന്യായീകരിക്കുന്നില്ല. ഉടൻ നടപടി ഉണ്ടാവും. അന്വേഷണം ശരിയായ ദിശയിൽ പോകുന്നുവെന്നാണ് എന്റെ ബോധ്യം. ആ ബോധ്യം അൻവറിന് ഉണ്ടാവണമെന്നില്ലെന്നും ജലീൽ കൂട്ടിചേർത്തു.
Even if they say that they will shoot and kill them, they will not deny the Chief Minister or the CPM'; KT Jalil says he will not join Anwar's party