(www.panoornews.in) 'ദ ഹിന്ദു' ദിനപത്രത്തിലെ വിവാദ അഭിമുഖത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അഭിമുഖം വേണമെന്ന് ആവശ്യപ്പെട്ടത് ആലപ്പുഴയിലെ ദേവകുമാറിൻ്റെ മകൻ സുബ്രഹ്മണ്യൻ ആണെന്നും അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ വന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഭിമുഖത്തിനായി പിആർ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടില്ല. ഞാനോ സർക്കാരോ അത് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. എനിക്ക് ഒരു ഏജൻസിയേയും അറിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ദ ഹിന്ദുവിലെ അഭിമുഖത്തിന് പിആർ ഏജൻസി ഉപയോഗിച്ചതുൾപ്പെടെയുള്ള വിമർശനങ്ങളിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇന്‍റര്‍വ്യൂവിനെത്തിയത് ആദ്യം രണ്ടുപേരായിരുന്നു. പിന്നീട് ഒരാള്‍ എത്തി. അയാള്‍ അരമണിക്കൂറോളം ഇരുന്നു. എന്നാൽ ആരാണെന്നറിയില്ല. മാധ്യമസംഘത്തിലെ ആളാണെന്ന് വിചാരിച്ചുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. വിവാദ അഭിമുഖത്തിൽ ദ ഹിന്ദു നടത്തിയ വിശദീകരണം തള്ളിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഹിന്ദു ഇങ്ങോട്ട് സുബ്രഹ്മണ്യൻ വഴി അഭിമുഖത്തിനു സമീപിച്ചെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
എന്നാൽ പിആർ ഏജൻസിയുമായുള്ള ബന്ധത്തിൽ കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറിയ മുഖ്യമന്ത്രി ഹിന്ദുവിനെതിരെ നിയമ നടപടി എടുക്കുമോ എന്ന ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല.
മലപ്പുറം ജില്ലയെ സംബന്ധിച്ച വിവാദ പരാമർശങ്ങളടങ്ങിയ അഭിമുഖം പ്രസിദ്ധീകരിച്ച ദ ഹിന്ദു ദിനപ്പത്രം ഇക്കാര്യത്തിൽ വിശദീകരണം നൽകി രണ്ട് ദിവസമായിട്ടും മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല.
പിആർ ഏജൻസിയും ദ ഹിന്ദുവിന്റെ വിശദീകരണം നിഷേധിച്ചിരുന്നില്ല.
'Neither I nor the government commissioned the PR agency'; The Chief Minister rejected 'The Hindu' explanation in the controversial interview