കോഴിക്കോട്: (www.thalasserynews.in) വൈകാരികമായ ഇടപെടലുണ്ടായതില്‍ അര്‍ജുന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്ന് മനാഫ്. അര്‍ജുന്റെ കുടുംബത്തിനൊപ്പമാണ് താനും തന്റെ കുടുംബവുമുള്ളതെന്നും ഇതോടെ ഈ വിവാദം അവസാനിപ്പിക്കണമെന്നും മനാഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം പണപ്പിരിവ് നടത്തിയെന്ന അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണം മനാഫ് നിഷേധിച്ചു. പണം പിരിച്ചിട്ടില്ലെന്നും ആരില്‍ നിന്നെങ്കിലും പൈസ വാങ്ങിയെന്ന് തെളിഞ്ഞാല്‍ കല്ലെറിഞ്ഞ് കൊല്ലൂവെന്നും മനാഫ് ആവര്‍ത്തിച്ചു. നിലവില്‍ ആരില്‍ നിന്നും പണം പിരിച്ച് ജീവിക്കേണ്ട സാഹചര്യമില്ല.
ബാങ്ക് വിവരങ്ങള്‍ പരിശോധിക്കാവുന്നതാണ്. അര്‍ജുന്റെ മകന്റെ പേരില്‍ അക്കൗണ്ട് ഉണ്ടോ എന്ന് അന്വേഷിച്ചതാണ് വിവാദങ്ങളുടെ അടിസ്ഥാനം. അര്‍ജുന്റെ കുടുംബത്തെ വേദിനിപ്പിച്ചുവെങ്കില്‍ മാപ്പ് ചോദിക്കുന്നു.
അര്‍ജുന്റെ കുടുംബമായാലും ഞങ്ങളായാലും ഉത്തരവാദിത്വത്തോടെയാണ് പെരുമാറേണ്ടത്. മാധ്യമ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരമാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. ദൗത്യത്തിന്റെ വിവരങ്ങള്‍ പലതും പങ്കുവെച്ചത് യൂട്യൂബ് ചാനലിലൂടെയാണ്. യൂട്യൂബ് ചാനലില്‍ നിന്ന് സാമ്പത്തിക നേട്ടമൊന്നും ഉണ്ടാക്കിയിട്ടില്ല.
ചാനല്‍ തുടങ്ങിയത് ഷിരൂരിലെ വിവരങ്ങള്‍ ആളുകളിലേക്ക് എത്തിക്കാനാണ്. മാല്‍പെയുമായി ചേര്‍ന്ന് നാടകം കളിച്ചെന്ന് പറയുന്നവരോട് മറുപടിയില്ലെന്നും മനാഫ് പറഞ്ഞു. അര്‍ജുന്റെ ബൈക്കുമായി ബന്ധപ്പെട്ട വിവാദത്തിലും മനാഫ് പ്രതികരിച്ചു. ബൈക്ക് നന്നാക്കിയ പൈസ മുഴുവന്‍ നല്‍കിയത് അര്‍ജുന്‍ തന്നെയാണ്.
വര്‍ക് ഷോപ്പില്‍ സ്ഥലമില്ലാത്തതിനാല്‍ തന്റെ വീട്ടില്‍ വെച്ചുവെന്ന് മാത്രം. അര്‍ജുന്റെ മൃതദേഹം കിട്ടിയതിന് ശേഷമാണ് വിവാദം തുടങ്ങിയത്.
വാഹന ഉടമ ആരെന്നതില്‍ വന്ന വിവാദമാണ് ഇവിടെവരെയെത്തിയത്. സഹോദരന്‍ മുബീന്‍ ആണ് ആർസി ഉടമ. ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചതില്‍ കുടുംബത്തിന് എതിര്‍പ്പുണ്ടെന്ന് മനസ്സിലാക്കി.
മുക്കത്തെ സ്വീകരണ പരിപാടിയില്‍ പങ്കെടുത്തിരുന്നു. പക്ഷേ പരിപാടി സംഘടിപ്പിച്ചവര്‍ തനിക്ക് തരാനിരുന്ന പണം താന്‍ വാങ്ങിയില്ല. ഒരു പണപ്പിരിവും നടത്തുകയില്ല.
ഇന്‍ഷുറന്‍സ് തുക ആ കുടുംബത്തിന് വാങ്ങിനല്‍കണം എന്നാഗ്രഹിച്ചു. അതിന് വേണ്ടിയാണ് അര്‍ജുന്റെ ശമ്പളത്തിന്റെ കാര്യം മാധ്യമങ്ങളിലൂടെ തുറന്നുപറഞ്ഞത്. നിസാരമായ കാര്യങ്ങളെച്ചൊല്ലിയാണ് തര്‍ക്കമുണ്ടാവുന്നതെന്നും മനാഫ് കൂട്ടിച്ചേര്‍ത്തു.
'Controversies should end with this'; Manaf apologizes to Arjun's family for emotional involvement